ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാൾ കോൺഗ്രസ് അധ്യക്ഷനാകണം: പ്രിയങ്ക ഗാന്ധി

By Web TeamFirst Published Aug 19, 2020, 9:52 AM IST
Highlights

നവമാധ്യമങ്ങളുടെ സാധ്യത മനസിലാക്കുന്നതിൽ കോൺഗ്രസ് പുറകിലായിരുന്നു. അത് മനസിലാക്കിയപ്പോഴേക്കും നഷ്ടം സംഭവിച്ചിരുന്നുവെന്നും പ്രിയങ്ക

ദില്ലി: കോൺഗ്രസ് പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാൾ വേണമെന്ന രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തോട് യോജിച്ച് പ്രിയങ്ക ഗാന്ധിയും. കുടുംബത്തിൽ നിന്നുള്ള ആരും പാർട്ടി അധ്യക്ഷനാകരുതെന്ന രാഹുലിന്റെ അഭിപ്രായത്തോട് പൂർണ്ണ യോജിപ്പാണെന്നും പ്രിയങ്ക പറഞ്ഞു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രാഹുൽ ഗാന്ധി സ്ഥാനമൊഴിയുമ്പോൾ ഈ നിർദ്ദേശം മുൻപോട്ട് വച്ചിരുന്നു. പുതുതലമുറ നേതാക്കളുടെ അഭിമുഖങ്ങൾ ചേർത്ത് തയ്യാറാക്കിയ പുസ്തകത്തിലാണ് പ്രിയങ്ക നിലപാട് വ്യക്തമാക്കുന്നത്.

നവമാധ്യമങ്ങളുടെ സാധ്യത മനസിലാക്കുന്നതിൽ കോൺഗ്രസ് പുറകിലായിരുന്നു. അത് മനസിലാക്കിയപ്പോഴേക്കും നഷ്ടം സംഭവിച്ചിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. പാർട്ടി സ്വന്തമായ വഴി കണ്ടെത്തണം. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള പ്രസിഡന്റിന് കീഴിൽ പ്രവർത്തിക്കാൻ തയ്യാറാണ്. അത് ഉത്തർപ്രദേശായാലും ആന്തമാൻ നിക്കോബാർ ദ്വീപിലായാലും പാർട്ടി ഏൽപ്പിക്കുന്ന ചുമതല നിർവഹിക്കുമെന്നും അവർ പറഞ്ഞു.

തന്റെ ഭർത്താവിനെതിരായ അഴിമതി ആരോപണങ്ങൾ ഉയർന്ന ആദ്യ ഘട്ടത്തിൽ തന്നെ 13കാരനായ മകന്റെ അടുത്തെത്തിയെന്ന് പ്രിയങ്ക പറയുന്നു. മുഴുവൻ ഇടപാടുകളും സംബന്ധിച്ച് മകന് വ്യക്തത വരുത്തികൊടുത്തു. മകൾക്കും ഇക്കാര്യം വിശദമായി പറഞ്ഞുകൊടുത്തു. മക്കളോട് ഞാനൊന്നും ഒളിക്കാറില്ല, എന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന പിഴവുകൾ പോലുമെന്നും അവർ പറഞ്ഞു.

അതേസമയം പാർട്ടി അധ്യക്ഷനാകാനില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഒരു സാധാരണ പ്രവർത്തകനായി പാർട്ടിയെ സേവിക്കാനാണ് താൽപര്യമെന്നും ഇന്ത്യ നാളെ എന്ന പുസ്തകത്തിലെ അഭിമുഖത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി.

click me!