
പ്രയാഗ്‌രാജ്: കുംഭമേളയിലെ സമൂഹ വിരുന്നിൽ ഭസ്മം കലർത്തിയ പൊലീസ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു. വ്യാഴാഴ്ചയാണ് സരോൺ പൊലീസ് സ്റ്റേഷനിലെ, സ്റ്റേഷൻ ഹൗസ് ഓഫീസറായ ബ്രിജേഷ് കുമാർ തിവാരിയെന്ന പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തത്. മഹാകുംഭമേളക്കെത്തുന്ന ഭക്തർക്ക് നൽകുന്ന സമൂഹ വിരുന്നിലാണ് പൊലീസുകാരൻ ഭസ്മം കലർത്തിയത്. ഭക്ഷണത്തിൽ ഭസ്മം കലർത്തുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹം മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പാകം ചെയ്തുകൊണ്ടിരിക്കുന്ന ഭക്ഷണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ ഭസ്മം കലർത്തുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഈ ദൃശ്യങ്ങൾ പകർത്തി, 'ലജ്ജാവഹമായ പ്രവർത്തി' എന്ന അടിക്കുറുപ്പോടെ ഒരാൾ സമൂഹ മാധ്യമമായ എക്‌സിൽ ഡിസിപി ഗംഗ നഗറിനെ ടാഗ് ചെയ്തുകൊണ്ട് പോസ്റ്റ് ഇട്ടിരുന്നു. വിഷയത്തിന്റെ ഗൗരവം മനസിലാക്കി എസിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. വകുപ്പുതല നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഗംഗ തന്റെ ഔദ്യോഗിക അക്കൗണ്ടിൽ മറുപടി നൽകി.
അതേസമയം മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് ദൃശ്യങ്ങൾ സമൂഹം മാധ്യമത്തിൽ പങ്കുവെച്ചു. കുംഭമേളക്ക് എത്തുന്ന ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകുവാൻ വേണ്ടി പിന്നിൽ പ്രവർത്തിക്കുന്നവരുടെ പരിശ്രമങ്ങളെയാണ് രാഷ്ട്രീയ വിരോധങ്ങളെ തുടർന്ന് നശിപ്പിക്കുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കുറിച്ചു. പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തുന്ന ലക്ഷകണക്കിന് ഭക്തർക്ക് ഭക്ഷണം നൽകുവാൻ സമൂഹ അടുക്കള ഉൾപ്പടെ നിരവധി വ്യക്തികളും സംഘടനകളും പ്രവർത്തിക്കുന്നുണ്ട്.