
മൊഹാലി: അമിതവേഗതയിൽ വന്ന മെഴ്‌സിഡസ് കാർ റോഡരികിലെ കടയിലേക്ക് പാഞ്ഞുകയറി ഉറങ്ങിക്കിടന്നയാൾ മരിച്ചു. പഞ്ചാബിലെ മൊഹാലിയിലാണ് ദാരുണമായ സംഭവമുണ്ടായത്. റോഡരികിലെ കടയിലേക്ക് അമിത വേഗതയിലെത്തിയ കാറിടിച്ച് കയറുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഡ്രൈവർ ഇപ്പോൾ ഒളിവിലാണ്. ഇയാൾക്കു വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ശനിയാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. അമിതവേഗതയിൽ വന്ന വെള്ള മെഴ്‌സിഡസ് സിഎൽഎ ക്ലാസ് കാർ കടയിലേക്ക് ഇടിച്ച് കയറി പ്രകാശ് കുമാർ എന്നയാളാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ കട പൂർണ്ണമായും തകർന്നു. സംഭവ സ്ഥലത്ത് വെച്ചുതന്നെ പ്രകാശ് കുമാറും മരിക്കുകയായിരുന്നു. അപകടത്തിൽ കടയും സമീപത്തെ സ്‌കൂളിൻ്റെ മതിലും തകർന്നിട്ടുണ്ട്. സ്‌ഫോടനമാണെന്നാണ് നാട്ടുകാർ ആദ്യം കരുതിയതെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, സംഭവത്തിൽ പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ഡ്രൈവറെ ഉടൻ പിടികൂടി അറസ്റ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ പൊലീസ് ജാഗ്രത കാട്ടിയില്ലെന്നും ജനങ്ങൾ പറയുന്നു. പ്രകാശ് കുമാറിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
https://www.youtube.com/watch?v=2EuiIOefVWc