സിആർപിഎഫിൽ ജോലി ലഭിച്ച സന്തോഷവാർത്ത മകൻ ഓടി വന്ന് റോഡരികിൽ പച്ചക്കറി വിൽക്കുന്ന അമ്മയോട് പങ്കുവെക്കുന്നതിന്റെ ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അമ്മയുടെ സന്തോഷക്കണ്ണുനീരും മകന്റെ നേട്ടവും കോടിക്കണക്കിന് ആളുകളാണ് കണ്ടത്.
കാണുന്ന എല്ലാവരുടെയും മനസ് തൊടുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം വൈറലാകുകയാണ്. മഹാരാഷ്ട്രയിലെ സിന്ധുദുർഗിലെ താമസക്കാരനായ ഗോപാൽ സാവന്ത് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിൽ (CRPF) തിരഞ്ഞെടുക്കപ്പെട്ട സന്തോഷവാർത്ത അമ്മയോട് പങ്കുവെക്കുന്ന ദൃശ്യങ്ങളാണ് കോടിക്കണക്കിന് ആളുകൾ കണ്ടത്. ഇൻസ്റ്റഗ്രാമിൽ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ കുഡാൽ നഗരത്തിൽ റോഡരികിൽ പച്ചക്കറി വിൽപ്പന നടത്തി കുടുംബത്തെ പോറ്റുന്ന അമ്മയോടാണ് ഗോപാൽ തന്റെ ജോലി ലഭിച്ച വിവരം അറിയിക്കുന്നത്. അമ്മ ദിവസേന ജോലി ചെയ്യുന്ന അതേ നടപ്പാതയിലാണ് ഈ സന്തോഷ നിമിഷവും നടന്നത്. വാർത്ത കേട്ട അമ്മ ആദ്യം ശാന്തമായി പ്രതികരിച്ചെങ്കിലും പിന്നാലെ സന്തോഷം കൊണ്ട് കണ്ണ് നിറയുകയായിരുന്നു.
ഇപ്പോൾ തന്നെ 1.23 കോടി ആളുകളാണ് ഈ വീഡിയോ കണ്ടിട്ടുള്ളത്. ‘ഇന്ന് ആ അമ്മയ്ക്ക് തന്റെ കഠിനാധ്വാനത്തിന്റെ ഫലം ലഭിച്ചു. ഇത്തരമൊരു മകൻ ലഭിച്ചത് അവൾ ഭാഗ്യവതിയാണ്’ എന്ന് ഒരാൾ കമന്റിൽ കുറിച്ചു. ഇനി അമ്മയുടെ കടമൊക്കെ തീർത്ത് മാതാപിതാക്കളെ ചേർത്തു പിടിക്കണമെന്നാണ് മറ്റൊരു കമന്റ്. വളരെ സാധാരണയായ ജീവിത സാഹചര്യങ്ങളിൽ നിന്നും ഉയർന്ന് വന്ന് ഒരു കേന്ദ്ര സർക്കാർ ജോലി നേടിയെടുത്ത ഗോപാലിന്റെ കഥ, സ്വപ്നങ്ങളെ പിന്തുടരുന്ന അനേകം യുവാക്കൾക്ക് പ്രചോദനമാകുകയാണ്.


