'ഞങ്ങളന്നേ പറഞ്ഞതല്ലേ, എഎപി ബിജെപിയുടെ ബി ടീം, 12 വർഷമായി വെറും നാടകം'; എംപിമാരുടെ കാലുമാറ്റത്തെ പരിഹസിച്ച് കോണ്‍ഗ്രസ്

Published : Apr 25, 2026, 12:57 PM IST
arvind kejriwal

Synopsis

എഎപി ബിജെപിയുടെ 'ബി ടീം' ആണെന്ന് കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞ 12 വർഷമായി ദില്ലിയിൽ നടക്കുന്നത് ഭരണമല്ല, മറിച്ച് കേവലം 'നാടകങ്ങൾ' മാത്രമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി

ദില്ലി: ആം ആദ്മി പാർട്ടിയിലെ ഏഴ് എംപിമാർ ബിജെപിയിൽ ചേർന്ന സംഭവത്തിൽ രൂക്ഷമായ പരിഹാസവുമായി ദില്ലി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. എഎപി ബിജെപിയുടെ 'ബി ടീം' ആണെന്ന തങ്ങളുടെ വാദം ഇതോടെ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ദില്ലി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ് പ്രതികരിച്ചു. എഎപി നേതാക്കളുടെ ഈ കൂടുമാറ്റം മുൻകൂട്ടി കണ്ടതാണെന്നും ഇതിൽ അസ്വാഭാവികതയൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആം ആദ്മി പാർട്ടി രൂപീകരിച്ച സമയത്ത് ദില്ലിയിലെ ജനങ്ങൾക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നുവെന്ന് ദേവേന്ദർ യാദവ് പറഞ്ഞു. സാധാരണക്കാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് ഈ പാർട്ടി രൂപീകരിച്ചതെന്ന ധാരണ പലർക്കുമുണ്ടായിരുന്നു. എന്നാൽ പാർട്ടി അധികാരത്തിൽ വന്നതിന് പിന്നാലെ പ്രമുഖ നേതാക്കളെല്ലാം പുറത്തുപോവുകയോ പുറത്താക്കപ്പെടുകയോ ചെയ്തതോടെ പാർട്ടിയുടെ യഥാർത്ഥ മുഖം വ്യക്തമായതായി അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ 12 വർഷമായി ദില്ലിയിൽ നടക്കുന്നത് ഭരണമല്ല, മറിച്ച് കേവലം 'നാടകങ്ങൾ' മാത്രമാണെന്ന് ദേവേന്ദർ യാദവ് കുറ്റപ്പെടുത്തി. ഈ ഗിമ്മിക്കുകളുടെ ഫലം അനുഭവിക്കേണ്ടി വരുന്നത് ദില്ലിയിലെ ജനങ്ങളാണ്. ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെ എഎപി വഞ്ചിച്ചുവെന്നും ഭരണത്തിന് പകരം രാഷ്ട്രീയ നാടകങ്ങൾക്കാണ് മുൻഗണന നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നതോടെ എഎപിയുടെ മുഖംമൂടി പൂർണ്ണമായും അഴിഞ്ഞുവീണിരിക്കുകയാണെന്ന് ദേവേന്ദർ യാദവ് പറഞ്ഞു. തങ്ങൾ തുടക്കം മുതൽ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾ ഇപ്പോൾ പരസ്യമായിരിക്കുന്നു. എഎപിയും ബിജെപിയും തമ്മിലുള്ള അന്തർധാര ഇതോടെ ജനങ്ങൾക്ക് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

60 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് പുറത്തുപോയവർ

രാഘവ് ഛദ്ദ അടക്കം മൂന്ന് എംപിമാരാണ് ഇന്നലെ എഎപി വിട്ട് ബിജെപിയിൽ ചേർന്നത്. രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരാണ് ഇന്നലെ ബിജെപി ആസ്ഥാനത്ത് എത്തിയത്. സ്വാതി മലിവാൾ, ഹർഭജൻ സിങ്, രാജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും ബിജെപിക്കൊപ്പം ചേരുമെന്ന് രാഘവ് ഛദ്ദ പറഞ്ഞു. എംപിമാർക്ക് പിന്നാലെ പഞ്ചാബിലെ എംഎൽഎമാരും പാർട്ടി വിടുമെന്ന ആശങ്കയിലാണ് എഎപി. 60ലധികം എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപിയിൽ ചേർന്ന നേതാക്കൾ അവകാശപ്പെടുന്നത്. പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ എഎപിയെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണിത് സൃഷ്ടിച്ചിരിക്കുന്നത്. എംപിമാർക്ക് പിന്നാലെ എംഎൽഎമാരും പാർട്ടി വിടുന്നത് തടയാനുള്ള നീക്കത്തിലാണ് എഎപി നേതൃത്വം. ഇടഞ്ഞ് നിൽക്കുന്നവരുമായി ഉന്നത നേതാക്കൾ സംസാരിക്കും.

രാഘവ് ഛദ്ദ അടക്കമുള്ളവരുടെ നീക്കത്തെ കുറിച്ച് സൂചനകളുണ്ടായിരുന്നെന്നാണ് എഎപി നേതൃത്വം പറയുന്നത്. ബിജെപിയുമായി ചർച്ചകൾ നടത്തിയത് രാഘവ് ഛദ്ദയും സ്വാതി മലിവാളും എന്നാണ് എഎപി വൃത്തങ്ങൾ പറയുന്നത്. സംഘടനാ ജനറൽ സെക്രട്ടറി സന്ദീപ് പഥക് പഞ്ചാബ് മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് കെജ്‍രിവാളിനെ സമ്മർദ്ദത്തിലാക്കി. അശോക് മിത്തൽ പാർട്ടി വിടാൻ കാരണം ഇഡി റെയ്ഡ് ആണെന്നാണ് നേതാക്കൾ പറയുന്നത്. കഴിഞ്ഞ പതിനഞ്ചിന് മിത്തലിൻ്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്‌ഡ് നടത്തിയിരുന്നു. രാഘവ് ഛദ്ദ ഉൾപ്പെടെ മൂന്ന് എംപിമാരെ അയോഗ്യരാക്കണം എന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാന് എഎപി കത്ത് നൽകി. പാർട്ടി എംപിമാർ ആയിരിക്കെ സ്ഥാനം രാജിവെക്കാതെ മറ്റൊരു പാർട്ടിയിൽ ചേർന്നതോടെ മൂന്ന് പേരും അയോഗ്യരായെന്നാണ് എഎപിയുടെ വാദം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആപ്പ് സേവനങ്ങൾ തടസപ്പെടില്ല, ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിര്ത്തലാക്കിയത്; വിശദീകരണവുമായി പേടിഎം
പുതിയ പാർട്ടി പ്രഖ്യാപിച്ച് കെ കവിത; ബിആർഎസ് വിട്ട് ഏഴ് മാസത്തിന് ശേഷം ടിആർഎസ്, അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കും