
ദില്ലി: ചരൺജിത്ത് സിങ് ഛന്നിയുടെ (Charanjit Singh Channi) മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം ആംആദ്മി പാർട്ടിക്ക് വെല്ലുവിളിയാകില്ലെന്ന് എഎപി യുടെ പഞ്ചാബ് ചുമതലക്കാരൻ ജർണിൽ സിങ്ങ് ഏഷ്യാനെറ്റ് ന്യൂസിനോട്. ഭഗവന്ത് മാനിനെ മുഖ്യമന്ത്രിയായി ജനങ്ങൾ അംഗീകരിച്ച് കഴിഞ്ഞു. കോൺഗ്രസിനെ ജനങ്ങൾ തളളിയ സാഹചര്യമാണെന്നും ജർണിൽ സിങ്ങ് പറഞ്ഞു
മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഭഗവന്ത് മാനിനെ ആംആദ്മി പാർട്ടി പ്രഖ്യാപിച്ച് പ്രചാരണത്തിൽ ബഹുദൂരം മുന്നിൽ പോയതോടെയാണ് കോൺഗ്രസ് അപകടം മണത്തത്. ഭഗവന്ത് മാനിന് ലഭിക്കുന്ന അംഗീകാരം വോട്ട് ചോർച്ചയ്ക്ക് കാരണമാകും എന്ന് വ്യക്തമായതോടെയാണ് ഛന്നിയെ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. എന്നാൽ ജനങ്ങള്‍ക്കിടയിൽ സ്ഥാനം നഷ്ടമായ കോൺഗ്രസിൻ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി വെല്ലുവിളിയാകില്ലെന്നാണ് ആംആദ്മി പാർട്ടിയുടെ പ്രതികരണം.
പഞ്ചാബ് ആഗ്രഹിക്കുന്നത് ഭഗവന്ത് മാനിനെയാണ്. ആ ആഗ്രഹം ഈ മാസം ഇരുപതിന് ജനങ്ങൾ നടപ്പാക്കുമെന്നും ജർണിൽ സിങ്ങ് പറഞ്ഞു. അതേസമയം വമ്പൻ വാഗ്ദാനങ്ങളുമായി പഞ്ചാബിൽ പ്രകടനപത്രിക പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ആംആദ്മി പാർട്ടി. കർഷക വോട്ടുകൾ കൂടി ലക്ഷ്യമിട്ട് കാർഷിക അവശിഷ്ടങ്ങൾ സംസ്കരിക്കുന്നതിന് പ്രത്യേക പദ്ധതിയും വിദ്യാഭ്യാസത്തിനും തൊഴിലിനും വലിയ പ്രഖ്യാപനങ്ങളാകും പ്രകടനപത്രികയിലുണ്ടാകുമെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam