ബിജെപിക്കെതിരെ പ്രതിഷേധം 3500 രാവണക്കോലങ്ങൾ കത്തിക്കാൻ എഎപി, രാവണൻ ശിവഭക്തനാണെന്ന് ബിജെപി

By Web TeamFirst Published Oct 4, 2022, 8:24 AM IST
Highlights

മാലിന്യ നിർമാർജനത്തിലും ശുചിത്വത്തിലും പിന്നിൽ പോകുന്നത് ദില്ലി ന​ഗരത്തിന് വലിയ നാണക്കേടാണെന്നും എഎപി കൗൺസിലർ ദുർഗേഷ് പഥക് പറഞ്ഞു.

ദില്ലി: ബിജെപി ഭരണസമിതിയുടെ ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ ഭരണത്തിനെതിരെ വലിയ സമരവുമായി ആംആദ്മി പാർട്ടി. ചൊവ്വാഴ്ച നഗരത്തിലെ 3,500 ലധികം കേന്ദ്രങ്ങളിൽ ചവറുകൊണ്ട് നിർമ്മിച്ച രാവണന്റെ കോലം കത്തിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ആം ആദ്മി പാർട്ടി  നേതാക്കൾ അറിയിച്ചു. മാലിന്യ നിർമാർജനത്തിലും ശുചിത്വത്തിലും പിന്നിൽ പോകുന്നത് ദില്ലി ന​ഗരത്തിന് വലിയ നാണക്കേടാണെന്നും എഎപി കൗൺസിലർ ദുർഗേഷ് പഥക് പറഞ്ഞു. അതേസമയം, എഎപിയുടെ സമരത്തെ ബിജെപി വിമർശിച്ചു. ചവറുകൊണ്ട് രാവണന്റെ കോലമുണ്ടാക്കുന്നത് ഹിന്ദു വിശ്വാസങ്ങളോടുള്ള അനാദരവാണെന്നും രാവണൻ ശിവഭക്തനാണെന്നും ബിജെപി വക്താവ് ശങ്കർ കപൂർ പറഞ്ഞു. 

'ഒരു പശുവിന് ദിവസം 40 രൂപ വച്ച്': ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടിയുടെ വാഗ്ദാനം

കഴിഞ്ഞ ദിവസം പുറത്തുവിട്ട സർവേ റിപ്പോർട്ടിൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോറിനെ തെരഞ്ഞെടുത്തിരുന്നു.  തുടര്‍ച്ചയായ ആറാം തവണയാണ് ഇൻഡോർ തെരഞ്ഞെടുക്കപ്പെടുന്നത്. വൃത്തിക്കൊപ്പം പണവുമുണ്ടാക്കാമെന്നും കൂടി കാണിച്ച് തരുന്നതാണ് ഈ ഇൻഡോര്‍ മാതൃക. 1900 ടൺ നഗര മാലിന്യങ്ങളിൽ നിന്ന് ദിനം പ്രതി കോടികളാണ് ഉണ്ടാക്കുന്നത്. നഗരത്തിൽ ഓടുന്ന ബസ്സുകളിൽ ഉപയോഗിക്കാനുള്ള ഇന്ധനവും ഇങ്ങനെ ഉത്പാദിപ്പിക്കിന്നു. കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷിക ശുചിത്വ സര്‍വ്വെയിലാണ് ഇൻഡോറിനെ മികച്ച ശുചിത്വ നഗരമായി തെരഞ്ഞെടുത്തത്. ഗുജറാത്തിലെ സൂറത്തും മഹാരാഷ്ട്രയിലെ നവി മുംബൈയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉണ്ട്. 

ഇര്‍പ്പമുളളതും ഇല്ലാത്തതുമായ മാലിന്യങ്ങൾ വേര്‍തിരിച്ചാണ് സംസ്കരണം. ഇതിനായി മാലിന്യം ശേഖരിക്കുന്നിടത്തുതന്നെ ആറ് രീതിയിൽ ഇത് വേര്‍തിരിക്കപ്പെടുന്നു. മധ്യപ്രദേശിലെ ഏറ്റവും വലിയ നഗരമാണ് ഇൻഡോര്‍. 35 ലക്ഷമാണ് ജനസംഖ്യ. സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനവും ഇതുതന്നെയാണ്.  ദിനംപ്രതി 1200 ടൺ ഈര്‍പ്പരഹിത മാലിന്യവും 700 ടൺ ഈര്‍പ്പമുള്ള മാലിന്യവും ഉത്പാദിപ്പിക്കപ്പെടുന്ന നഗരം എന്നാൽ ചവറുകൂനകൾ ഇല്ലാത്ത നഗരമാണെന്നാണ് വിലയിരുത്തുന്നത്. 

 

 

tags
click me!