Asianet News MalayalamAsianet News Malayalam

'ഒരു പശുവിന് ദിവസം 40 രൂപ വച്ച്': ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടിയുടെ വാഗ്ദാനം

സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതി പരാമര്‍ശിച്ച കെജ്രിവാള്‍,  ബിജെപിയെയും പ്രതിപക്ഷമായ കോൺഗ്രസിനെയും പരിഹസിച്ചു. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ബിജെപി എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് കെജ്രിവാള്‍ ആരോപിച്ചു. 

Gujarat Election AAP vows Rs 40 per day for each cow if voted to power
Author
First Published Oct 3, 2022, 9:54 AM IST

അഹമ്മദാബാദ്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഗോ പരിപാലനം സംബന്ധിച്ച് വലിയ വാഗ്ദാനവുമായി ആംആദ്മി പാര്‍ട്ടി കണ്‍വീനറും, ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഞായറാഴ്ച രാജ്കോട്ടില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ ഓരോ പശുവിന്‍റെയും സംരക്ഷണത്തിനായി പ്രതിദിനം 40 രൂപ നൽകുമെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചത്.  സംസ്ഥാനത്തെ അലഞ്ഞുതിരിയുന്ന പശുക്കളുടെ വിഷയത്തിൽ സംസാരിച്ച അദ്ദേഹം  സംസ്ഥാനത്തെ ഓരോ ജില്ലയിലും ഇത്തരത്തിലുള്ള കന്നുകാലികള്‍ക്കായി സംരക്ഷണ കേന്ദ്രങ്ങള്‍ നിർമിക്കുമെന്നും  വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

'ദില്ലിയില്‍ ഓരോ പശുവിന്റെയും പരിപാലനത്തിനായി ഞങ്ങൾ പ്രതിദിനം 40 രൂപ നൽകുന്നുണ്ട്. ദില്ലി സർക്കാർ 20 രൂപയും നഗർ നിഗം ​​20 രൂപയും നൽകുന്നു. ഗുജറാത്തിൽ ആം ആദ്മി പാർട്ടി സർക്കാർ രൂപീകരിക്കുകയാണെങ്കിൽ, ഒരു പശുവിന്‍റെ പരിപാലനത്തിനായി ഞങ്ങൾ പ്രതിദിനം 40 രൂപ നൽകും. അലഞ്ഞുതിരിയുന്ന പശുക്കളെയും പാലുത്പാദനം നിർത്തിയ പശുക്കളെയും സംരക്ഷിക്കാന്‍ ഓരോ ജില്ലയിലും ഞങ്ങൾ സംരക്ഷണകേന്ദ്രങ്ങള്‍ നിർമ്മിക്കും', ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് കെജ്രിവാള്‍ മറുപടി നല്‍കി. 

സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതി പരാമര്‍ശിച്ച കെജ്രിവാള്‍,  ബിജെപിയെയും പ്രതിപക്ഷമായ കോൺഗ്രസിനെയും പരിഹസിച്ചു. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ബിജെപി എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് കെജ്രിവാള്‍ ആരോപിച്ചു. ആംആദ്മി പാര്‍ട്ടിക്ക് ലഭിക്കുന്ന ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനുമുള്ള ഉത്തരവാദിത്തം ബിജെപി കോൺഗ്രസിന് നൽകിയിട്ടുണ്ടെന്ന് കെജ്രിവാള്‍ ആരോപിച്ചു. 

ഇന്ന് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടന്നാൽ ഇന്‍റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം ആം ആദ്മി പാർട്ടി സർക്കാർ രൂപീകരിക്കുന്നത് കുറച്ച് സീറ്റുകളുടെ നേരിയ വ്യത്യാസത്തിലായിരിക്കും എന്ന് പറഞ്ഞ കെജ്രിവാള്‍. ഗുജറാത്തിലെ ജനങ്ങള്‍ ഇത് മുന്നില്‍ കണ്ട് ഞങ്ങള്‍ക്ക് വലിയ ഭൂരിപക്ഷം നല്‍കും എന്ന് പ്രത്യാശ പ്രകടിപ്പിച്ചു. 

ഈ റിപ്പോർട്ട് പുറത്തുവന്നതു മുതൽ ബിജെപി വളരെ പേടിയിലും ദേഷ്യത്തിലുമാണ്, ഇതിനെ തുടര്‍ന്ന് ബിജെപി കോൺഗ്രസുമായി രഹസ്യ കൂടിക്കാഴ്ച്ചകൾ നടത്തിയെന്നും. അതിന് ശേഷം ഇരുവരും ആംആദ്മി പാര്‍ട്ടിയെ ഒരേ ഭാഷയില്‍ അധിക്ഷേപിക്കാൻ തുടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി കോൺഗ്രസിനെ അധിക്ഷേപിക്കുന്നില്ല, കോൺഗ്രസും ബിജെപിയെ കുറ്റം പറയുന്നില്ല. എന്നാൽ ഇരുവരും ആംആദ്മി പാര്‍ട്ടിയെ അധിക്ഷേപിക്കുകയാണെന്ന് അരവിന്ദ് കെജ്രിവാൾ കുറ്റപ്പെടുത്തി.

കോൺഗ്രസിന് വോട്ട് ചെയ്യരുതെന്ന് ഗുജറാത്തിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അതുവഴി ബിജെപിയുടെ വിജയമാണ് നിങ്ങള്‍ ഉറപ്പാക്കുന്നത്. കോൺഗ്രസിന് വോട്ട് ചെയ്യുന്നതുകൊണ്ട് ഗുജറാത്തിന് ഒരു ഗുണവും ഇല്ല. ബിജെപി ഭരണത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ എല്ലാം ആംആദ്മി പാർട്ടിക്ക് വോട്ട് ചെയ്യുക. അങ്ങനെ ഗുജറാത്തിൽ മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് കെജ്രിവാള്‍ പറഞ്ഞു.

വീണ്ടും വെട്ടിലായി പഞ്ചാബ് മുഖ്യമന്ത്രി; അകമ്പടി വാഹനങ്ങളുടെ എണ്ണത്തിൽ റെക്കോർഡ്, ചോദ്യം ചെയ്ത് കോൺ​ഗ്രസ്

അരവിന്ദ് കെജരിവാളിന് നേരെ ഗുജറാത്തിൽ കുപ്പിയേറ്,രാജ്കോട്ടിൽ നവരാത്രി ആഘോഷപരിപാടിക്കിടെ ആക്രമണ ശ്രമം,പരിക്കില്ല
 

Follow Us:
Download App:
  • android
  • ios