പുതുച്ചേരി മുന്‍ സ്പീക്കറെ വെട്ടികൊലപ്പെടുത്തിയ കേസ് പ്രതി 'മീര' ബിജെപിയില്‍ ചേര്‍ന്നു; വിവാദം

By Web TeamFirst Published Jan 23, 2021, 11:40 AM IST
Highlights

തമിഴ്നാട് പുതുച്ചേരി അതിര്‍ത്തിയിലെ വെളിപ്പെടുത്താത്ത സ്ഥലത്തുവച്ചാണ് ആര്‍ ഇഴിലരശ്ശി  ബിജെപിയില്‍ ചേര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്. ബിജെപി പുതുച്ചേരി സംസ്ഥാന പ്രസിഡന്‍റ് വി സ്വാമിനാഥന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ സെല്‍വം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

പുതുച്ചേരി: പന്ത്രണ്ടോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആര്‍ ഇഴിലരശ്ശി  എന്ന മീര ബിജെപിയില്‍ ചേര്‍ന്നു. പുതുച്ചേരി മുന്‍ സ്പീക്കര്‍ വിഎംസി ശിവകുമാറിനെ വെട്ടകൊലപ്പെടുത്തിയ കേസിലെ പ്രതിയായ മീര ഒളിവിലാണ് എന്നാണ് പുതുച്ചേരി പൊലീസ് പറയുന്നത്. അതിനിടെയാണ് ബുധനാഴ്ച ഇവര്‍ ബിജെപിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത പുതുച്ചേരി മാധ്യമങ്ങള്‍ പുറത്തുവിട്ടത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നു. 

തമിഴ്നാട് പുതുച്ചേരി അതിര്‍ത്തിയിലെ വെളിപ്പെടുത്താത്ത സ്ഥലത്തുവച്ചാണ് ആര്‍ ഇഴിലരശ്ശി  ബിജെപിയില്‍ ചേര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്. ബിജെപി പുതുച്ചേരി സംസ്ഥാന പ്രസിഡന്‍റ് വി സ്വാമിനാഥന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ സെല്‍വം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

സംഭവം വിവാദമായതോടെ മീരയുടെ പാര്‍ട്ടി പ്രവേശനത്തെ ന്യായീകരിച്ച് പ്രദേശിക ബിജെപി നേതൃത്വം രംഗത്ത് എത്തി. പാര്‍ട്ടിയില്‍ ചേരാന്‍ ആര്‍ക്കും തടസ്സമില്ലെന്നാണ് പ്രദേശിക പാര്‍ട്ടി നേതൃത്വം പറയുന്നത്. പാര്‍ട്ടിയില്‍ ചേരുന്നവരുടെ ക്രിമിനല്‍ പാശ്ചാത്തലം പാര്‍ട്ടിയെ ബാധിക്കുന്ന കാര്യമല്ലെന്നും പ്രദേശിക നേതൃത്വം പറയുന്നു. 

ഓണ്‍ലൈനായാണ് അവര്‍ പാര്‍ട്ടിയില്‍ അംഗമായത്. അവര്‍ കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് പ്രദേശിക നേതൃത്വവുമായി ബുധനാഴ്ച ബന്ധപ്പെട്ടു. ആര്‍ക്കും പാര്‍ട്ടി അംഗത്വം സ്വീകരിക്കാം. എന്നാല്‍ അവര്‍ക്ക് പാര്‍ട്ടിയില്‍ യാതൊരു ഭാരവാഹിത്വവും നല്‍കിയിട്ടില്ല - ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ സെല്‍വം പറയുന്നു. വിവിധ പാര്‍ട്ടികളിലെ നേതാക്കള്‍ അടക്കം ക്രിമിനല്‍ കേസ് പ്രതികളാണ്. ഇതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോലുമുണ്ട്. കൊലപാതക കേസില്‍ ഒന്‍പതുമാസം അകത്ത് കിടന്ന വ്യക്തിക്ക് വരെ കോണ്‍ഗ്രസ് 2016 ല്‍ മത്സരിക്കാന്‍ അവസരം നല്‍കിയെന്നും സെല്‍വം ആരോപിക്കുന്നു.

അതേ സമയം ബിജെപി കരയ്ക്കല്‍ ജില്ല സെക്രട്ടറി പി ആപ്പു മണികണ്ഠന്‍ പറയുന്നത് മീരയ്ക്ക് പ്രദേശിക ജനങ്ങളുടെ പിന്തുണയുണ്ടെന്നും. ജനകീയ പിന്തുണയാണ് രാഷ്ട്രീയത്തില്‍ അത്യവശ്യം എന്നുമാണ്. അതേ സമയം കാരയ്ക്കല്‍ സൗത്ത് എസ്.പി കെഎല്‍ ഭീരവല്ലഭന്‍ പറയുന്നത് പ്രകാരം ഇഴിലരശ്ശി ഇപ്പോഴും പിടികിട്ടപ്പുള്ളിയാണ്. മൂന്ന് കൊലപാതകം അടക്കം 12-15 കേസില്‍ പ്രതിയാണ് ഇവര്‍. ഇതില്‍ ഒരു വധശ്രമകേസില്‍ കോടതി ഇവരെ വെറുതെ വിട്ടിരുന്നു. ബാക്കി കേസുകളുടെ വിചാരണ നടപടികള്‍ വിവിധ കോടതികളില്‍ പുരോഗമിക്കുകയാണ്. പലകേസിലും ഇവര്‍ക്ക് ജാമ്യമുണ്ട്.

എന്നാല്‍ 2020 ഡിസംബറിലെ ഒരു തട്ടിക്കൊണ്ടുപോകാല്‍ കേസില്‍ ഇവരെ വീണ്ടും പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗുണ്ട ആക്ട് പ്രകാരം ഇവരെ പൊലീസ് രണ്ടുതവണ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഹൈക്കോടതിയില്‍ പോയി ഇവര്‍ ജാമ്യം നേടി. 

click me!