
ദില്ലി: ഹരിയാന പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സംയുക്ത കിസാൻ മോർച്ച. ഹരിയാന പൊലീസ് പറഞ്ഞ് അയച്ച വ്യക്തിയാണ് കർഷക നേതാക്കളെ വധിക്കാൻ എത്തിയതെന്ന് സംയുക്ത കിസാൻ മോർച്ച അംഗം കെ.വി ബിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സംശയം തോന്നിയപ്പോഴാണ് ഇയാളെ പിടികൂടിയതെന്ന് ബിജു പറഞ്ഞു. പൊലീസിനായി ചാരപ്പണി ചെയ്യുന്നതായി അക്രമി സമ്മതിച്ചു. ജാട്ട് ആന്തോളൻ സമയത്ത് ആക്രമണം ഉണ്ടാക്കിയത് ഇവരുടെ സംഘമാണെന്ന് കുറ്റസമ്മതം നടത്തി. പത്തു പേർ അടങ്ങുന്ന സംഘത്തെ ആക്രമണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. ആക്രമിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നും അന്വേഷണ പുരോഗതി നോക്കിയിട്ട് മറ്റു കാര്യങ്ങൾ സംയുക്ത കിസാൻ മോർച്ച വെളിപ്പെടുത്തുമെന്നും കെ വി ബിജു പറഞ്ഞു. സ്വയം കരുതലിലേക്ക് നീങ്ങേണ്ട സാഹചര്യമാണിതെന്നാണ് കർഷക നേതാക്കളുടെ നിലപാട്.