
മുംബൈ: മാതാപിതാക്കളെ നിങ്ങൾ അധിക്ഷേപിച്ചോളൂ, എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ ഒരു വാക്ക് പോലും പറയുന്നത് സഹിക്കില്ലെന്ന് മഹാരാഷ്ട്ര ബിജെപി നേതാവ്. മുൻ സംസ്ഥാന അധ്യക്ഷനും ഉന്നത സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീലാണ് വിവാദ പരാമർശം നടത്തിയത്. പൂനെയിൽ നടന്ന ഒരു അനുമോദന ചടങ്ങിനിടെയായിരുന്നു പരാമർശം. മാതാപിതാക്കളെ അധിക്ഷേപിക്കുന്നത് പ്രശ്നമല്ല. കോലാപൂരിൽ ഇത് സാധാരണമാണ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കുമെതിരായ ഒരു അധിക്ഷേപ വാക്ക് പോലും കോലാപ്പൂരിലെ ആളുകൾ സഹിക്കില്ലെന്നായിരുന്നു പാട്ടീലിന്റെ പരാമർശം. സംഭവത്തിൽ പാട്ടീലിനെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി.
അദ്ദേഹത്തിന് തന്റെ നേതാക്കളെ പ്രശംസിക്കാം, എന്നാൽ കോലാപ്പൂരിന്റെയും മഹാരാഷ്ട്രയുടെയും സംസ്കാരത്തെ അവഹേളിക്കരുതെന്നും നേതാക്കളെ പുകഴ്ത്തുമ്പോൾ നേതാക്കൾ ജാഗ്രത പാലിക്കണമെന്നും മാതാപിതാക്കളെ അധിക്ഷേപിക്കുക എന്നത് അംഗീകരിക്കാനാകാത്ത കാര്യമാണെന്നും എൻസിപി എംഎൽഎ രോഹിത് പവാർ പറഞ്ഞു. മാതാപിതാക്കളെ അധിക്ഷേപിക്കുന്നതാണ് ബിജെപിയുടെ ഹിന്ദുത്വമെന്ന് ശിവസേന വക്താവ് മനീഷ കയാൻഡെ പരിഹസിച്ചു. നേരത്തെ എൻസിപി എംപി സുപ്രിയ സുലെക്കെതിരെയും പാട്ടീൽ വിവാദ പരാമർശം നടത്തിയിരുന്നു. സുപ്രിയാ സുലെക്ക് വീട്ടിൽ പാചകം ചെയ്യുന്നതാണ് നല്ലതെന്നായിരുന്നു പരാമർശം. പരാമർശത്തിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.