
ദില്ലി: ഡോക്ടർ ഡെത്ത് എന്നറിയപ്പെടുന്ന ഡോക്ടർ ദേവേന്ദർ കുമാർ ശർമ്മ പിടിയിൽ. അൻപതിലധികം കൊലപാതക കേസുകളിൽ പ്രതിയാണ് ഇയാൾ. പരോളിലിറങ്ങി മുങ്ങിയ പ്രതിക്കായി 2 വർഷത്തിലധികമായി ദില്ലി പോലീസ് അന്വേഷണത്തിലായിരുന്നു. 7 കേസുകളിലായി ജീവപര്യന്തം തടവുശിക്ഷയിൽ കഴിയവേയായിരുന്നു ഇയാൾ പരോളിലിറങ്ങി മുങ്ങിയത്. രാജസ്ഥാനിലെ ദൗസയിൽ സന്ന്യാസിയെന്ന വ്യാജേന കഴിയവേയാണ് ദില്ലി പോലീസ് പിടികൂടിയത്.
21 ടാക്സി-ട്രക് ഡ്രൈവർമാരെ കൊന്ന് ഇയാൾ മൃതദേഹം മുതലകളുള്ള കനാലിലേക്ക് ഉപേക്ഷിച്ചെന്നാണ് കേസ്. വാഹനങ്ങൾ തട്ടിയെടുത്ത് മറിച്ചു വിൽക്കാനായിരുന്നു കൊലപാതകങ്ങൾ. 50 ലധികം കൊലപാതകങ്ങളിൽ പങ്കുണ്ടെന്ന് പിന്നീട് ഇയാൾ തുറന്നുപറഞ്ഞു. 1998 മുതൽ 2004 വരെ ആയുർവേദ ഡോക്ടറായിരിക്കെ 125 പേരുടെ കിഡ്നി മോഷ്ടിച്ച് കരിഞ്ചന്തയിൽ വിറ്റ കേസിലും ഇയാൾ പ്രതിയാണ്.