കാമുകിയുടെ കൊലപാതകം; ഒളിവില്‍ പോയ പ്രതി പിടിയില്‍

By Web TeamFirst Published Apr 21, 2021, 10:00 PM IST
Highlights

മരണം കൊലപാതകം ആണെന്ന് മനസ്സിലാകുകയും കേസില്‍ പ്രതിയായ അനീഷിനെ അറസ്റ്റ് ചെയ്യുകയും, ജാമ്യത്തില്‍ ഇറങ്ങിയതിനു ശേഷം ഇയാൾ ഒളിവില്‍ പോവുകയും ആയിരുന്നു...

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള റെയിൽവേ  വക കെട്ടിടത്തില്‍ വെച്ച് കാമുകിയെ കൊലപ്പെടുത്തി അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ആൾ അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി കീഴ്പ്പള്ളി ചീരംവേലിൽ സി.ഡി. അനീഷിനെ (35) യാണ്  കോഴിക്കോട് ടൌണ്‍ പൊലീസ് പിടികൂടിയത്. തന്റെ കാമുകിയായ അസ്മാബി എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയതായിരുന്നു ഇയാൾ.

2017  ലാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്. റെയിൽവേ സ്റ്റേഷന്‍  ആർ.എം.എസ്. ബിൽഡിങ്ങിനു  എതിർവശത്തുള്ള പഴയ കെട്ടിടത്തിന്റെ മുറിയില്‍ ജീർണ്ണിച്ച നിലയില്‍ മ്യതദേഹം കാണപ്പെടുകയും ടൌണ്‍ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയുമായിരുന്നു. തുടർന്നു  മരണം കൊലപാതകം ആണെന്ന് മനസ്സിലാകുകയും കേസില്‍ പ്രതിയായ അനീഷിനെ അറസ്റ്റ് ചെയ്യുകയും, ജാമ്യത്തില്‍ ഇറങ്ങിയതിനു ശേഷം  ഇയാൾ ഒളിവില്‍ പോവുകയും ആയിരുന്നു. 

പ്രതി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ് വരുകയായിരുന്നു. എറണാകുളം ജില്ലയിലെ ഏലൂര്‍ ഫാക്ടിന് അടുത്തുള്ള ഹോട്ടലില്‍ പാചകക്കാരനായി ജോലി ചെയ്യുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടൌണ്‍ പൊലീസ് ഇൻസ്പെക്ടര്‍ ശ്രീഹരി, എസ്‌. ഐ മാരായ ബിജു ആന്റണി, അബ്ദുള്‍ സലിം, സീനിയര്‍ സിപിഒ സജേഷ് കുമാര്‍. സിപിഒ മാരായ വിജേഷ്. യു.സി, അരുണ്‍, ശ്രീലിൻ എന്നിവരടങ്ങിയ സംഘമാണ്  പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാണ്ട് ചെയ്തു.

click me!