നാസിക്കില്‍ ഓക്സിജൻ ടാങ്ക് ചോർന്നുള്ള 22 മരണം; അഞ്ചുലക്ഷം സഹായധനം, അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍

By Web TeamFirst Published Apr 21, 2021, 5:02 PM IST
Highlights

ഓക്സിജൻ ടാങ്കിലേക്ക് വാതകം നിറയ്ക്കുന്നതിനിടെ വാൽവിലുണ്ടായ തകരാറിനെ തുടര്‍ന്ന്  വൻതോതിൽ വാതകച്ചോർച്ചയുണ്ടായി. ഓക്സിജൻ കിട്ടാതെ 22 രോഗികളാണ് മരിച്ചത്. 

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിലെ കൊവിഡ് ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ മരിച്ച രോ​ഗികളുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സഹായധനം നല്‍കും. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.

കൊവിഡ് രോഗികളെ ചികിത്സിക്കുന്ന നാസിക്കിലെ ഡോ. സർക്കീർ ഹുസൈൻ മുനിസിപ്പൽ ആശുപത്രിയിൽ ഉച്ചയോടെയാണ് ദുരന്തമുണ്ടായത്. ഓക്സിജൻ ടാങ്കിലേക്ക് വാതകം നിറയ്ക്കുന്നതിനിടെ വാൽവിലുണ്ടായ തകരാറിനെ തുടര്‍ന്ന്  വൻതോതിൽ വാതക ചോർച്ചയുണ്ടായി. ഓക്സിജൻ കിട്ടാതെ 22 രോഗികളാണ് മരിച്ചത്. 

അരമണിക്കൂറോളം സമയമെടുത്താണ് ചോർച്ച അടച്ചത്. ഇതിനിടെ വെന്‍റിലേറ്ററിലുണ്ടായിരുന്ന രോഗികൾക്കാണ് ജീവൻ നഷ്ടമായത്. ആകെ 167 രോഗികളുണ്ടായിരുന്ന ആശുപത്രിയിൽ 61 പേരും അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളവരാണ്.

ഈ 61 പേർക്കും ഓക്സിജൻ നൽകിയാണ് ജീവൻ നിലനിർത്തിയിരുന്നത്. അപകടത്തിന് പിന്നാലെ 30 ഓളം രോഗികളെ ഉടൻ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും മറ്റിടങ്ങളിൽ നിന്നും ഓക്സിജൻ സിലിണ്ടറുകളെത്തിച്ചെന്നും ആശുപത്രി അധികൃതർ വിശദീകരിക്കുന്നുണ്ട്.
 

click me!