യാത്രക്കാർക്കുള്ള ഭക്ഷണം മോഷ്ടിച്ചു; എയർ ഇന്ത്യയിലെ നാല് ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി

By Web TeamFirst Published Mar 4, 2019, 9:08 PM IST
Highlights

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ദില്ലി- സിഡ്‌നി വിമാനത്തിലെ രണ്ട് ക്യാബിന്‍ ക്രൂ അം​ഗങ്ങളെ ഭക്ഷണമോഷണത്തിനിടെ കയ്യോടെ പിടികൂടിയിരുന്നതായി അധികൃതര്‍ അറിയിച്ചു.

ദില്ലി: യാത്രക്കാർക്കുള്ള ഭക്ഷണം മോഷ്ടിച്ച സംഭവത്തിൽ നാല് എയർ ഇന്ത്യ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി. കാറ്ററിം​ഗ് വിഭാ​ഗത്തിലെ രണ്ടു പേർക്കെതിരെയും ക്യാബിൻ ക്രൂ വിഭാ​ഗത്തിലെ രണ്ടു പേർക്കെതിരെയുമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് വിളമ്പാത്ത ഭക്ഷണങ്ങളും, സാധനങ്ങളും മോഷ്ടിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം.

വിമാന സർവ്വീസ് കഴിഞ്ഞ ശേഷം വിതരണം ചെയ്യാതെ സൂക്ഷിച്ചിരുന്ന ഭക്ഷണങ്ങളും, സാധനങ്ങളും സ്വന്തം ആവശ്യത്തിനായി ജീവനക്കാര്‍ എടുത്തുകൊണ്ടുപോകുന്നതിനെതിരെ അനിവാര്യമായ നടപടി എടുക്കുമെന്ന്, 2017 ആഗസ്റ്റില്‍ എയര്‍ ഇന്ത്യ ചെയര്‍മാനും എംഡിയുമായ അശ്വനി ലോഹാനി ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ നാല് ജീവനക്കാർക്കെതിരെ  നടപടിയെടുത്തിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഇതേ കാരണത്താൽ മുൻപ് കാറ്ററിംഗ് വിഭാഗത്തിലെ ഒരു അസിസ്റ്റന്റ് മാനേജരെയും സീനിയര്‍ അസിസ്റ്റന്റിനെയും 63 ദിവസത്തേക്കും മൂന്നുദിവസത്തേക്കുമായി സസ്‌പെന്‍ഡ് ചെയ്തിരുന്നതായും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ദില്ലി- സിഡ്‌നി വിമാനത്തിലെ രണ്ട് ക്യാബിന്‍ ക്രൂ അം​ഗങ്ങളെ ഭക്ഷണമോഷണത്തിനിടെ കയ്യോടെ പിടികൂടിയിരുന്നതായും അധികൃതര്‍ അറിയിച്ചു.

click me!