
റായ്ബറേലി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാമ്പുകളെ കയ്യിലെടുത്ത കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ആക്ടിവിസ്റ്റും അഭിഭാഷകയുമായ ഗൗരി മൗലേഖി ഉത്തർപ്രദേശിലെ ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്തയച്ചു.
അനധികൃതമായി പിടികൂടിയ പാമ്പുകളെയാണ് പ്രിയങ്ക കയ്യിലെടുത്തതെന്നും എഐസിസി ജനറൽ സെക്രട്ടറിയുടെ ഈ പ്രവണത പാമ്പുകളെ പിടികൂടുന്നതിന് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും മൗലേഖി കത്തിൽ പറയുന്നു. പാമ്പുകളെ പിടികൂടുന്നത് പ്രോത്സാഹിപ്പിച്ചാൽ രാജ്യത്ത് പാമ്പുകളുടെ എണ്ണത്തിൽ കുറവുണ്ടാകും. അതുകൊണ്ട് പ്രിയങ്കയ്ക്കും ഒപ്പമുണ്ടായിരുന്നവർക്കുമെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കണമെന്നും മൗലേഖി കത്തിൽ ആവശ്യപ്പെട്ടു.
പ്രിയങ്ക നിയമ ലംഘനം നടത്തിയതിന് തെളിവായി മാധ്യമങ്ങളിൽ വന്ന വാർത്തകളും വീഡിയോകളും കത്തിനോടൊപ്പം അവർ സമർപ്പിച്ചിട്ടുണ്ട്. അമ്മ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു പ്രിയങ്ക പാമ്പുകളെ കയ്യിലെടുത്തത്. കൂടയില്‍ നിന്ന് പ്രിയങ്ക പാമ്പുകളെ കയ്യിലെടുക്കുന്നതും പുറത്തുണ്ടായിരുന്ന പാമ്പിനെ കൂടയില്‍ വയ്ക്കാന്‍ പാമ്പാട്ടികളെ സഹായിക്കുന്നതുമായ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam