
ഡൽഹി: റെസിഗ്നേഷൻ പാർട്ടി ദൃശ്യങ്ങൾ പുറത്ത് പിന്നാലെ കോക്ക്രോച്ച് ജനതാ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകനും സിജെപി മുൻനിര പിന്തുണക്കാരനുമായ മേഘ്നാദ് എസ്. സമരം വിജയിച്ചെന്ന പേരിൽ സിജെപി നേതാക്കൾ ആഘോഷങ്ങളിൽ മുഴുകിയപ്പോൾ, ഒരു മാസത്തിലേറെയായി സമരരംഗത്തുണ്ടായിരുന്ന പ്രവർത്തകരെയും വിദ്യാർത്ഥികളെയും ഭക്ഷണവും താമസസൗകര്യവും പോലുമില്ലാതെ ജന്തർ മന്തറിൽ ഉപേക്ഷിച്ചുവെന്നാണ് ആരോപണം. നീറ്റ്-യു.ജി ചോദ്യ പേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ കോക്ക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച സമരം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജിയോടെ ലക്ഷ്യം കണ്ടെത്തിയെങ്കിലും രൂക്ഷമായ വിമർശനമാണ് സിജെപി നേതാക്കൾ നേരിടുന്നത്. സി.ജെ.പി വക്താവ് സൗരവ് ദാസ് ഉൾപ്പെടെയുള്ള നേതാക്കൾ ഇൻഡോർ ഹാളിൽ പാട്ടുപാടി നൃത്തം ചെയ്യുന്ന റെസിഗ്നേഷൻ പാർട്ടി എന്ന അടിക്കുറിപ്പോടെയുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.
ഈ വീഡിയോയെ അതിരൂക്ഷമായി വിമർശിച്ച മേഘ്നാദ്, താനും മറ്റ് ചിലരും സ്വന്തം പണം മുടക്കിയാണ് ഭക്ഷണവും തണലുമില്ലാതെ അലഞ്ഞുതിരിഞ്ഞ എഴുപതിലധികം വരുന്ന സമരക്കാരെയും വിദ്യാർത്ഥികളെയും തിരികെ വീടുകളിലേക്ക് അയച്ചതെന്ന് വെളിപ്പെടുത്തി. നേതാക്കൾ ജന്തർ മന്തറിൽ നിന്ന് മടങ്ങിയതോടെ ഡൽഹി പൊലീസ് സ്ഥലത്തെത്തി പ്രവർത്തകരുടെ സാധനസാമഗ്രികൾ പിടിച്ചെടുക്കുകയും അവരെ അവിടെനിന്ന് ഒഴിപ്പിക്കുകയും ചെയ്തു. ഒരു മാസം മുഴുവൻ ആത്മാർത്ഥമായി പ്രവർത്തിച്ചവരെ പൂർണ്ണമായി അവഗണിച്ച് നേതാക്കൾ ആഘോഷം നടത്തിയത് തികച്ചും നിർഭാഗ്യകരമാണെന്നും, സി.ജെ.പിയും മറ്റേതൊരു പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടിയെയും പോലെയായി മാറിയെന്നും മേഘ്നാദ് കുറ്റപ്പെടുത്തി.
CJP resignation party.
This was not needed.
This is not justice to the lives of students we lost and the students who suffered during protest.
I don't know what exactly they are celebrating. pic.twitter.com/CEOC3Ako9s— LuckyRohilla (@luckyRohillaa) July 27, 2026
ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ഒറ്റപ്പെട്ടുപോയ പ്രതിഷേധക്കാർക്ക് വീട്ടിലേക്ക് മടങ്ങാനുള്ള തത്കാൽ തീവണ്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ഡൽഹിയിലെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഓഫീസിൽ താമസസൗകര്യം ഉറപ്പാക്കാനുമുള്ള വിവരങ്ങൾ മേഘ്നാദ് പങ്കുവെച്ചിരുന്നു. ഇതിനുപുറമേ, ജന്തർ മന്തറിൽ കഴിഞ്ഞ ഒരു മാസത്തോളമായി പ്രതിഷേധക്കാർക്ക് ഭക്ഷണം എത്തിച്ചുനൽകിയിരുന്ന ജുനൈദ് എന്ന വ്യക്തിയോടും സി.ജെ.പി നേതൃത്വം വളരെ മോശമായി പെരുമാറിയെന്ന് ആരോപണമുണ്ട്. സമരം അവസാനിച്ച് മടങ്ങുമ്പോൾ അദ്ദേഹത്തിന് ഒരു ഹസ്തദാനം നൽകാൻ പോലും നേതാക്കൾ തയ്യാറായില്ലെന്നും, ജുനൈദിനെ പോലീസ് കസ്റ്റഡിയിലെടുത്ത സമയത്ത് നേതാക്കൾ ആഘോഷത്തിലായിരുന്നുവെന്നും വിമർശനമുയർന്നു. സമരം വിജയിപ്പിക്കാൻ കഷ്ടപ്പെട്ട സാധാരണക്കാരോട് നേതൃത്വം കാണിച്ച ഈ സമീപനം സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam