ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുള്ള മറുപടിയോട് പ്രതികരിച്ച് കോൺഗ്രസ്. ഒമർ അബ്ദുള്ളയുടെ പ്രതികരണം യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതാണെന്ന് ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കാര.

ശ്രീനഗർ: ജമ്മു കശ്മീരിൽ നടന്ന പരിപാടിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിൽ കോൺഗ്രസും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും തമ്മിൽ തർക്കം തുടരുന്നു. ഒമർ അബ്ദുള്ളയുള്ള മറുപടിയോട് പ്രതികരിച്ച് കോൺഗ്രസ് നേതൃത്വം രംഗത്ത്. ഒമർ അബ്ദുള്ളയുടെ പ്രതികരണം യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതും വളരെ നിർഭാഗ്യകരവുമാണെന്ന് ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കാര പറഞ്ഞു. കേരളത്തിൽ വന്ദേമാതരത്തിൻ്റെ രണ്ട് ഖണ്ഡികകൾ മാത്രം ആലപിക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ ആരെങ്കിലും ജയിലിൽ പോയിട്ടുണ്ടോയെന്ന് താരിഖ് ഹമീദ് കാര ചോദിച്ചു.

ഈ സംവാദവുമായി പൊതുജനങ്ങൾക്ക് യാതൊരു ബന്ധവുമില്ല. സർക്കാരാണ് ശക്തമായ നിലപാട് സ്വീകരിക്കേണ്ടത്. സ്വാതന്ത്ര്യദിന പരേഡിൽ വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ട് വരികൾ മാത്രം ആലപിക്കാൻ കേരള സർക്കാർ തീരുമാനിച്ചപ്പോൾ അവിടെ ആരെങ്കിലും ഒരാൾ ജയിലിൽ പോയിട്ടുണ്ടോ എന്ന് താരിഖ് ഹമീദ് കാര ചോദിച്ചു. സംസ്ഥാന ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കുന്നത് ആദ്യ രണ്ട് ഖണ്ഡികകൾ മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന മുഖ്യമന്ത്രിമാർ ചെയ്തതുപോലെ, മതേതരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ മൂല്യങ്ങൾക്കായി നിലകൊള്ളാൻ ഒമറിന് സാധിക്കുമോ എന്നും താരിഖ് ഹമീദ് കാര ചോദിച്ചു.

ജമ്മു കശ്മീർ രാജ്യാന്തര ചലച്ചിത്രോത്സവത്തിനിടെ വന്ദേമാതരത്തിൻ്റെ മുഴുവൻ ഖണ്ഡികകളും ചൊല്ലിയതിൽ കോൺഗ്രസ് ഉന്നയിച്ച നിർദേശത്തിന് സഖ്യകക്ഷി നേതാവായ ഒമർ അബ്ദുള്ള കടുത്ത മറുപടി നൽകിയതിന് പിന്നാലെയാണ് ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ്റെ പ്രതികരണം. വന്ദേമാതരത്തിൻ്റെ രണ്ട് ഖണ്ഡികകൾ മാത്രം ചൊല്ലിയാൽ മതിയെന്ന കോൺഗ്രസ് നിർദേശം തള്ളിയ ഒമർ അബ്ദുള്ള, വന്ദേമാതരത്തിൻ്റെ മുഴുവൻ ഖണ്ഡികകളും ചൊല്ലണമെന്നത് നിയമപരമായ ബാധ്യതയാണെന്നായിരുന്നു ചൂണ്ടിക്കാട്ടിയിരുന്നത്. ഈയൊരു കാരണം കൊണ്ട് കശ്മീരികളെ ജയിലിലടയ്ക്കാനാണോ കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും ഒമർ അബ്ദുള്ള ചോദിച്ചു. വന്ദേമാതരം നമ്മുടെ ദേശീയ ഗീതമാണെന്നും അതിൽ അഭിമാനിക്കുന്നുവെന്നും പറഞ്ഞുകൊണ്ട് ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും കോൺഗ്രസിന്റെ വിമർശനങ്ങളെ തള്ളിക്കളഞ്ഞിരുന്നു.