
ചെന്നൈ: കരൂരിൽ തമിഴക വെട്രി കഴകം (ടി.വി.കെ) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബാംഗങ്ങളെ നടനും പാർട്ടി അധ്യക്ഷനുമായ വിജയ് നാളെ നേരിൽ കാണും. കരൂരിൽ നിന്നും ടി.വി.കെ വാഹനങ്ങളിലാണ് കുടുംബാംഗങ്ങളെ ചെന്നൈക്ക് സമീപം മഹാബലിപുരത്തേക്ക് എത്തിച്ചിരിക്കുന്നത്. മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോർട്ടിലാണ് ഇവർക്കായി 50 മുറികൾ ഒരുക്കിയിട്ടുള്ളത്.
കൂടിക്കാഴ്ച അടച്ചിട്ട മുറികളിൽ വെച്ച് നടത്താനാണ് തീരുമാനം. കുടുംബാംഗങ്ങൾക്ക് താമസിക്കാനായി ഒരുക്കിയ ഓരോ മുറിയിലും വിജയ് നേരിട്ടെത്തി സംസാരിച്ച് അനുശോചനം അറിയിക്കും. ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് ദുരിതബാധിതരുടെ കുടുംബങ്ങളെ നേരിട്ട് കാണുന്നത്.
അതേസമയം, അടുത്ത ദിവസം ആചാരപരമായ ചടങ്ങുകൾ ഉള്ളതിനാൽ എല്ലാ കുടുംബങ്ങളും ചെന്നൈയിലേക്കുള്ള യാത്രക്ക് തയ്യാറായിട്ടില്ല എന്നും റിപ്പോർട്ടുകളുണ്ട്.
അതിനിടെ, കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐ. കോടതിയിൽ സമർപ്പിച്ച എഫ് ഐ.ആറിന്റെ പകർപ്പ് ടിവികെയ്ക്ക് കൈമാറി. മുദ്രവച്ച കവറിലാണ് സി.ബി.ഐ. കേസിൻ്റെ വിശദാംശങ്ങൾ അടങ്ങിയ എഫ്.ഐ.ആർ കോടതിയിൽ സമർപ്പിച്ചിരുന്നത്. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ അടക്കമുള്ളവർ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.