
ദില്ലി : ഫ്ലാറ്റിന്റെ 15-ാം നിലയിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി. ഫരീദാബാദിലെ റേഡിയോതെറാപിസ്റ്റായ യോഗേഷ് കുമാർ എന്നയാളാണ് മരിച്ചത്. കുടുംബത്തോടൊപ്പം താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്നും ചാടിയാണ് ഇയാൾ ജീവനൊടുക്കിയതെന്ന് പൊലീസ് ശനിയാഴ്ച അറിയിച്ചു. യോഗേഷ് കുമാറിന്റെ അമ്മയെ കൂടെ താമസിപ്പിക്കാൻ ഭാര്യക്കും ബന്ധുക്കൾക്കും താൽപര്യമില്ലായിരുന്നുവെന്നും ഇതിന്റെ പേരിൽ വഴക്കുണ്ടായിരുന്നുവെന്നും ഇവർ ഉപദ്രവിച്ചിരുന്നുവെന്ന് കാണിച്ച് യോഗേഷിന്റെ അമ്മാവൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. യോഗേഷിന്റെ ഭാര്യ നേഹ റാവത്ത്, ഭാര്യയുടെ മാതാപിതാക്കൾ, രണ്ട് സഹോദരന്മാർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ ഭൂപാനി പോലീസ് സ്റ്റേഷനിൽ ആത്മഹത്യാപ്രേരണക്ക് കേസെടുത്തു.
മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ യോഗേഷ് കുമാർ ഗുരുഗ്രാമിലെ ഒരു സ്വകാര്യ ആശുപത്രിയിൽ റേഡിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ഒമ്പത് വർഷം മുമ്പാണ് ഇദ്ദേഹം നേഹ റാവത്തിനെ വിവാഹം ചെയ്തത്. ഇവർക്ക് ആറ് വയസ്സുള്ള ഒരു കുട്ടിയുണ്ട്. നേഹക്ക് സ്വകാര്യ ജോലി ഉണ്ടായിരുന്നതിനാൽ ഇവർ മുമ്പ് നോയിഡയിലായിരുന്നു താമസം.
മരിച്ചയാളുടെ അമ്മാവൻ പ്രകാശ് സിംഗ് നൽകിയ പരാതി അനുസരിച്ച്, ഭാര്യക്കും ഭർത്താവിനും ജോലി ഉണ്ടായിരുന്നതിനാൽ കുഞ്ഞിനെ നോക്കാൻ കഴിഞ്ഞിരുന്നില്ല. യോഗേഷിന് സ്വന്തം അമ്മയെ കൂടെ നിർത്താൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും നേഹ ഇതിന് സമ്മതിച്ചില്ല. ആറ് മാസം മുമ്പ് യോഗേഷ് കുട്ടിയുമായി സെക്ടർ 87-ലെ പേൾ സൊസൈറ്റിയിലേക്ക് താമസം മാറ്റി. എന്നാൽ നേഹ നോയിഡയിൽ നിന്ന് യോഗേഷിനൊപ്പം വന്നില്ല. ഈ സമയത്ത് കുട്ടിയെ പരിചരിക്കാൻ യോഗേഷ് തന്റെ അമ്മയെ വിളിച്ചു വരുത്തി. ഒരു മാസം മുമ്പ് നേഹ യോഗേഷിനൊപ്പം താമസിക്കാൻ അപ്പാർട്ട്‌മെന്റിലേക്ക് വന്നു. വന്ന ഉടൻ നേഹ യോഗേഷിന്റെ അമ്മ തങ്ങളോടൊപ്പം താമസിക്കുന്നതിനെ എതിർക്കാൻ തുടങ്ങി. നേഹയുടെ സഹോദരന്മാരായ ആശിഷ് റാവത്തും അമിത് റാവത്തും ഗ്രേറ്റർ ഫരീദാബാദ് സൊസൈറ്റിയിൽ വന്ന് യോഗേഷുമായി വഴക്കുണ്ടാക്കി. ഇതേത്തുടർന്ന് യോഗേഷ് അസ്വസ്ഥനായിരുന്നുവെന്നും പരാതിയിലുണ്ട്.
വ്യാഴാഴ്ച യോഗേഷ് നേഹയെ ഗ്വാളിയോറിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഗ്വാളിയോറിൽ നിന്ന് മടങ്ങുന്ന വഴിക്ക് അദ്ദേഹം നേഹയെ നോയിഡയിൽ ഇറക്കിയ ശേഷം ഒറ്റയ്ക്ക് അപ്പാർട്ട്‌മെന്റിലേക്ക് മടങ്ങി. കടുത്ത നിരാശയിലായിരുന്ന യോഗേഷ് വെള്ളിയാഴ്ച രാത്രി പേൾ സൊസൈറ്റിയുടെ 15-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം.