
ദില്ലി: സാധാരണക്കാരെ ലക്ഷ്യമിട്ട് വമ്പൻ പദ്ധതിയുമായി കേന്ദ്രസർക്കാർ. ഇന്ത്യയിലെ നഗര യാത്ര എളുപ്പമാക്കുന്നതിനും വിലക്കയറ്റത്തിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനുമായി ‘ഭാരത് ടാക്സി’ ആരംഭിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയാണ് കേന്ദ്രം. വിലക്കയറ്റവും മറ്റ് പ്രശ്നങ്ങളും മൂലം പ്രതിസന്ധി നേരിടുന്ന ദൈനംദിന യാത്രക്കാർക്ക് ഈ പദ്ധതി വലിയ രീതിയിൽ ഗുണം ചെയ്യുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെയും ദേശീയ ഇ-ഗവേണൻസ് ഡിവിഷന്റെയും (NeGD) പിന്തുണയോടെ വികസിപ്പിച്ചെടുത്ത സഹകരണ ടാക്സി സേവനമാണ് ഭാരത് ടാക്സി. ഡ്രൈവർമാരെ സഹ ഉടമകളും ഓഹരി ഉടമകളുമാകാൻ അനുവദിക്കുന്ന രാജ്യത്തെ ആദ്യത്തെ സഹകരണ ടാക്സി സേവനമാണിത്. ഇതുവഴി അവർക്ക് കൂടുതൽ അധികാരം ലഭിക്കുന്നു. ക്യാബ് ഡ്രൈവർമാർക്ക് അവരുടെ വരുമാനത്തിന്റെ 100% ലഭിക്കുമെന്നതാണ് സവിശേഷത. മറ്റ് ഓൺലൈൻ ടാക്സി ബുക്കിംഗ് പ്ലാറ്റ്ഫോമുകളെ പോലെ ഇവിടെ കമ്മീഷൻ ഉണ്ടായിരിക്കില്ല. ഇതുവഴി യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കുകൾ ഉറപ്പാക്കാൻ സാധിക്കുമെന്നാണ് അധികൃതരുട കണക്കുകൂട്ടൽ.
അനാവശ്യമായ വിലക്കയറ്റം മൂലം ദൈനംദിന യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതെ ഡ്രൈവർമാരുടെ ആനുകൂല്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതിയായിരിക്കും ഇതെന്നാണ് വിവരം. ഡിജിലോക്കർ, ഉമാങ് പോലുള്ള പ്ലാറ്റ്‌ഫോമുകളുമായി ഈ പദ്ധതിയെ ബന്ധിപ്പിക്കും. ഭാരത് ടാക്സികളിലെ ഡ്രൈവർമാരെ 'സാർത്ഥികൾ' (സാരഥികൾ) എന്നാണ് വിശേഷിപ്പിക്കുന്നത്. ദില്ലിയിൽ ഭാരത് ടാക്സിയുടെ പരീക്ഷണ ഘട്ടം നവംബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 650 ഡ്രൈവർ-ഉടമകൾ ആദ്യ ഘട്ടത്തിൽ പങ്കാളികളായേക്കും. 2025 ഡിസംബറോടെ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.