
ചെന്നൈ: തമിഴക വെട്രി കഴകം തലവനും തമിഴ് സിനിമാ ലോകത്തെ സൂപ്പർതാരവുമായ വിജയ് കരൂർ ദുരന്തത്തിലെ ഇരകളുടെ ബന്ധുക്കളെ നാളെ നേരിൽ കാണും. മാമല്ലപുരത്ത് സ്വകാര്യ ഹോട്ടലിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കരൂരിൽ അപകടത്തിൽപെട്ട് മരിച്ചവരുടെ ബന്ധുക്കളെ ടിവികെ നേതാക്കളുടെ നേതൃത്വത്തിൽ സ്വകാര്യ ബസുകളിൽ ഇവിടേക്ക് എത്തിക്കും.
രാവിലെ ഏഴരയോടെ യോഗം ആരംഭിക്കുമെന്നാണ് വിവരം. ഇത് സ്വകാര്യ പരിപാടിയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഓരോ കുടുംബത്തെയും വിജയ് നേരിൽ കണ്ട് സംസാരിക്കുമെന്നാണ് പാർട്ടി നേതൃത്വം അറിയിക്കുന്നത്. നേരത്തെ തന്നെ വിജയ് കരൂരിലെ കുടുംബങ്ങളെ കാണാൻ നിശ്ചയിച്ചിരുന്നെങ്കിലും പിന്നീടിതിൽ നിന്ന് പിന്മാറിയിരുന്നു.
ദീപാവലിക്ക് മുൻപ് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസ ധനസഹായമായി 20 ലക്ഷം വീതം ടിവികെ നേതാക്കൾ അയച്ചുകൊടുത്തിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം 41 പേരാണ് കരൂർ ദുരന്തത്തിൽ മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. വിരമിച്ച സുപ്രീം കോടതി ജഡ്‌ജ് നേരിട്ട് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
കരൂർ ദുരന്തത്തിന് ശേഷം ടിവികെയുടെ തമിഴ്‌നാട്ടിലെ ജില്ലാ തല റാലി നിർത്തിവച്ചിരിക്കുകയാണ്. 2026 നിയമസഭാ തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്ന പാർട്ടി പരമാവധി ജനപിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു. കരൂർ ദുരന്തത്തിന് കാരണക്കാർ പൊലീസാണെന്നും തങ്ങളല്ലെന്നുമാണ് ടിവികെ ഇപ്പോഴും വാദിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam