
കുർണൂൽ: ബെംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് കുർണൂലിൽ അഗ്നിക്കിരയായി 20 പേർ മരിച്ച സംഭവത്തിൽ പ്രദേശവാസികളായ 2 യുവാക്കളാണ് അപകടത്തിന് കാരണക്കാരെന്ന് പൊലീസ്. കുർണൂൽ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തിൽ കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ അപകടമാണ് 19 പേരുടെ ജീവനെടുത്തത്. ശിവശങ്കർ, എറി സ്വാമി എന്നിവർ മദ്യപിച്ച് ബൈക്ക് ഓടിക്കുകയും അപകടമുണ്ടാവുകയും ചെയ്തിരുന്നു. റോഡിൽ കിടന്ന ഈ ബൈക്കിന് മുകളിലൂടെ ബസ് കയറി. ബൈക്ക് ഇന്ധന ടാങ്കിൽ തട്ടിയാണ് പൊട്ടിത്തെറിയുണ്ടായത്.
ഒക്ടോബർ 24 ന് 44 യാത്രക്കാരുമായി പോയ ബസാണ് ദുരന്തത്തിൽപെട്ടത്. ഒക്ടോബർ 24 ന് പുലർച്ചെ 2 മണിയോടെ ലക്ഷ്മിപുരം ഗ്രാമത്തിൽ നിന്ന് ശങ്കറും സ്വാമിയും ഇരുചക്രവാഹനത്തിൽ കുർണൂൽ ജില്ലയിലെ തുഗ്ഗലി ഗ്രാമത്തിലേക്ക് പോവുകയായിരുന്നു. 2.24 ഓടെ കിയ കാർ ഷോറൂമിന് സമീപമുള്ള എച്ച്പി പെട്രോൾ ബങ്കിൽ പെട്രോൾ നിറയ്ക്കാൻ ഇരുവരും എത്തി. മദ്യപിച്ച് ലക്കുകെട്ട സ്വാമി ബൈക്ക് അപകടകരമായ നിലയിൽ ഓടിക്കുന്നതിൻ്റെ പെട്രോൾ ബങ്കിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ശക്തമായ മഴയിൽ നനഞ്ഞ റോഡിലൂടെ മദ്യപിച്ച് ലക്കുകെട്ട നിലയിലാണ് ഇവർ ബൈക്കിൽ മുന്നോട്ട് പോയത്. പെട്രോൾ ബങ്കിൽ നിന്നും യാത്ര പുനരാരംഭിച്ചതിന് പിന്നാലെ ഇവരുടെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മീഡിയനിലിടിച്ച് അപകടമുണ്ടായി. റോഡിൻ്റെ നടുവിലേക്ക് വീണ ശങ്കറിനെ സ്വാമി വലിച്ച് റോഡരികിലേക്ക് നീക്കി പരിശോധിച്ചു. ഈ സമയത്താണ് ബസ് ഇതുവഴി വന്നത്. റോഡിൻ്റെ നടുവിൽ കിടക്കുകയായിരുന്ന ബൈക്കിൻ്റെ മുകളിലേക്ക് ബസ് ഓടിക്കയറി. അതിവേഗത്തിൽ ഓടിവന്ന ബസിൻ്റെ താഴെ ഭാഗത്ത് ഇന്ധന ടാങ്കിൽ ബൈക്ക് ഇടിച്ച് പൊട്ടിയതാകാം അപകടത്തിന് കാരണമായ പൊട്ടിത്തെറിയുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്.
സുഹൃത്തിൻ്റെ മരണത്തിന് കാരണമായ അപകടവും തൊട്ടുപിന്നാലെ ബസ് അപകടവും കണ്ട് ഭയന്ന സ്വാമി ഇവിടെ നിന്നും വേഗം തന്റെ സ്വദേശമായ തുഗ്ഗലിയിലേക്ക് പോയി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പിന്നീട് സ്വാമിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇയാളാണ് എന്താണ് സംഭവിച്ചതെന്നുള്ള കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്.