'ഇനി ഈ പാര്‍ട്ടിയില്‍ നില്‍ക്കാനാകില്ല'; നടി സുഭദ്ര ബിജെപി വിട്ടു

By Web TeamFirst Published Mar 2, 2020, 5:33 PM IST
Highlights

ബംഗാളി സിനിമകളിലും ഒട്ടനവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള സുഭദ്ര ദില്ലി കലാപത്തിന്‍റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി വിട്ടത്. കപില്‍ മിശ്രയും അനുരാഗ് ഠാക്കൂറുമുള്ള പാര്‍ട്ടിയില്‍ തുടരാനാവില്ലെന്ന് വ്യക്തമാക്കിയാണ് സുഭദ്ര പാര്‍ട്ടിയില്‍ നിന്നുള്ള രാജി പ്രഖ്യാപിച്ചത്

കൊല്‍ക്കത്ത: ബംഗാളി നടി സുഭദ്ര മുഖര്‍ജി ബിജെപിയില്‍ നിന്ന് രാജിവെച്ചു. ബംഗാളി സിനിമകളിലും ഒട്ടനവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള സുഭദ്ര ദില്ലി കലാപത്തിന്‍റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി വിട്ടത്. കപില്‍ മിശ്രയും അനുരാഗ് ഠാക്കൂറുമുള്ള പാര്‍ട്ടിയില്‍ തുടരാനാവില്ലെന്ന് വ്യക്തമാക്കിയാണ് സുഭദ്ര പാര്‍ട്ടിയില്‍ നിന്നുള്ള രാജി പ്രഖ്യാപിച്ചത്. പാര്‍ട്ടിയു\ടെ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന് സുഭദ്ര രാജിക്കത്ത് നല്‍കി.

വലിയ പ്രതീക്ഷകളോടെയും ശുഭാപ്തി വിശ്വാസത്തോടെയുമാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് സുഭദ്ര പറഞ്ഞു. എന്നാല്‍, പാര്‍ട്ടിയുടെ ഇപ്പോഴത്തെ പോക്കില്‍ നിരാശയാണുള്ളത്. പാര്‍ട്ടി അതിന്‍റെ ആശയങ്ങളില്‍ നിന്ന് വഴിമാറുകയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ട് വന്ന പൗരത്വ നിയമ ഭേദഗതിയോട് തനിക്ക് യോജിപ്പാണുള്ളത്.

പക്ഷേ, അത് നടപ്പാക്കാന്‍ പാര്‍ട്ടി നടത്തിയ രീതികളോടാണ് എതിര്‍പ്പ്. അത് രാജ്യത്താകമാനം ഉത്കണ്ഠയ്ക്ക് കാരണമായി. സ്വതന്ത്ര ഇന്ത്യയില്‍ ഇത്ര വര്‍ഷം കഴിഞ്ഞിട്ടും പൗരത്വം തെളിയിക്കാനായി പേപ്പറുകള്‍ കാണിക്കുന്നത് എന്തിനാണെന്നും സുഭദ്ര ചോദിച്ചു. 46 പേരുടെ മരണത്തിന് കാരണായ ദില്ലി കലാപത്തെ കുറിച്ചു വലിയ ആശങ്കയാണ് സുഭദ്ര പങ്കുവെച്ചത്.

വിദ്വേഷം കൊണ്ട് അന്തരീക്ഷമാകെ നിറഞ്ഞിരിക്കുകയാണ്, വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ അനുരാഗ് ഠാക്കൂര്‍, കപില്‍ മിശ്ര തുടങ്ങി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മനുഷ്യനായിട്ടല്ലാതെ മതത്തിന്‍റെ പേരില്‍ ജനങ്ങളെ കരുതുന്ന ഒരു പാര്‍ട്ടിയില്‍ തുടരാനാവില്ലെന്നും സുഭദ്ര പറഞ്ഞു. 

click me!