'അദാനി'യെ വിടാതെ കോൺ​ഗ്രസും പ്രതിപക്ഷവും; പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്‍ദമാകും, രാജ്യവ്യാപകമായി പ്രതിഷേധം

By Web TeamFirst Published Feb 6, 2023, 1:00 AM IST
Highlights

നയ രൂപീകരണ യോഗത്തിന് ശേഷം രാവിലെ ഒന്‍പതരയോടെ പ്രതിപക്ഷം ഗാന്ധി പ്രതിമക്ക് മുന്‍പില്‍ പ്രതിഷേധിക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്‍റ് നടപടികൾ സ്തംഭിച്ചിരുന്നു

ദില്ലി: അദാനി വിവാദത്തില്‍ പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്‍ദമാകും. അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ നോട്ടീസ് നല്‍കും. നയ രൂപീകരണ യോഗത്തിന് ശേഷം രാവിലെ ഒന്‍പതരയോടെ പ്രതിപക്ഷം ഗാന്ധി പ്രതിമക്ക് മുന്‍പില്‍ പ്രതിഷേധിക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്‍റ് നടപടികൾ സ്തംഭിച്ചിരുന്നു. ഇതിനിടെ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന്  രാജ്യവ്യാപകമായി ജില്ലാ തലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും.

എല്‍ഐസി, എസ്ബിഐ പോലുള്ള സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് അദാനി ഗ്രൂപ്പിനെ കേന്ദ്രം വഴിവിട്ട് സഹായിക്കുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസിന്‍റെ  ആരോപണം. അതേസമയം, അദാനി വിവാദത്തില്‍ പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ കോൺഗ്രസ് രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസിൻ്റെ ചോദ്യപരമ്പരയ്ക്കും ഇന്നലെ തുടക്കമായി. ആദ്യ ദിനം മൂന്ന് ചോദ്യങ്ങളാണ് ഉന്നയിച്ചത്. അദാനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഇ ഡി, സി ബി ഐ പോലുള്ള ഏജൻസികളെ ഉപയോഗിക്കുമോ? അദാനിയുടെ സഹോദരൻ ഉൾപ്പെട്ട പനാമാ, പാണ്ടോര പേപ്പർ വെളിപ്പെടുത്തലുകളിലെ അന്വേഷണ ഗതിയെങ്ങനെ? രാജ്യത്തെ എയർപോർട്ടുകളും, തുറമുഖങ്ങളും അദാനിയെ ഏൽപിച്ചത് മതിയായ അന്വേഷണം നടത്തിയാണോ? തുടങ്ങിയ ചോദ്യങ്ങളാണ് ആദ്യദിനം ഉന്നയിച്ചത്.

എസ്ബിഐ അടക്കം ഇന്ത്യയിലെയും വിദേശത്തെയും ബാങ്കുകൾ ഓഹരി ഈടായി സ്വീകരിച്ച് അദാനിക്ക് നൽകിയ വായ്പ രണ്ടു ലക്ഷം കോടിയിലേറെയെന്നാണ് കണക്ക്. അദാനിയുടെ ഓഹരി ഇടിയുമ്പോൾ ബാങ്കിംഗ് രംഗവും പ്രതിസന്ധിയിലാവുമെന്ന് പറയുന്നതിലെ ന്യായം ഇതാണ്. പ്രതിസന്ധി ബാങ്കിംഗ് മേഖലയെ ബാധിക്കില്ലെന്നും ഇന്ത്യൻ ബാങ്കുകളുടെ അടിത്തറ ശക്തമെന്നും ആർബിഐ പറയുന്നു. അദാനിക്കുണ്ടാവുന്ന തിരിച്ചടി ഓഹരി വിപണിയെ ആകെ ബാധിക്കില്ലെന്നായിരുന്നു കേന്ദ്ര ധനകാര്യമന്ത്രി നി‍ർമ്മലാ സീതാരാമന്‍റെ പ്രതികരണം.

അമിത് ഷായുടെ 'ഉപദേശ'ത്തിന്റെ പവർ, കുഞ്ഞാലിക്കുട്ടി വിരുദ്ധർക്ക് പണി വരുന്നു? മമതയും ചില 'കേന്ദ്ര' ചിന്തകളും

click me!