
മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒന്നിന് പുറകെ ഒന്നായി ഗുജറാത്തിലേക്ക് വമ്പൻ നിക്ഷേപ പദ്ധതികൾ എത്തുന്നതിൽ മഹാരാഷ്ട്രയിൽ പ്രതിഷേധം. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വൻകിട പദ്ധതികൾ ഗുജറാത്ത് റാഞ്ചുകയാണെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.
വേദാന്ത ഫോക്സ് കോൺ സെമി കണ്ടക്ടർ നിർമ്മാണശാലയ്ക്ക് പിന്നാലെ വ്യോമസേനയ്ക്കായുള്ള വിമാനങ്ങൾ നിർമ്മിക്കുന്ന പ്ലാന്റും ഗുജറാത്തിലേക്ക് പോയതോടെയാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്. മഹാരാഷ്ട്രയിൽ വരേണ്ടിയിരുന്ന പദ്ധതികളാണ് അവസാന നിമിഷം ഗുജറാത്തിലേക്ക് പോയത്.
ഇത് സംസ്ഥാനത്തെ ബിജെപി സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണെന്ന് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം കുറ്റപ്പെടുത്തി. വ്യവസായ മന്ത്രി രാജിവെക്കണമെന്ന് ആദിത്യ താക്കറെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്റെ ബിജെപിക്ക് കീഴടങ്ങിയെന്ന് എൻസിപി കുറ്രപ്പെടുത്തി. എന്നാൽ നാഗ്പൂരിൽ പദ്ധതി കൊണ്ടുവരാൻ ദേവേന്ദ്ര ഫഡ്നാവിസ് പരമാവധി ശ്രമിച്ചുവെന്നാണ് വ്യവസായ മന്ത്രി ഉദയ സാമന്ത് വിശദീകരിക്കുന്നത്.
ഇന്ത്യന്‍ വ്യോമസേനയ്ക്കുവേണ്ടി സി-295 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റുകള്‍ നിര്‍മിക്കാന്‍ എയര്‍ബസും ടാറ്റയുടെ പ്രതിരോധനിര്‍മാണ വിഭാഗമായ ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റവും കൈകോര്‍ക്കുകയാണ്. ഗുജറാത്തിലെ വഡോദരയിലാണ് നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നത്. പ്ലാന്റിന്റെ ശിലാസ്ഥാപനം ഒക്ടോബര്‍ മുപ്പതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഇതാദ്യമായാണ് സി- 295 എയര്‍ ക്രാഫ്റ്റ് യൂറോപ്പിന് പുറത്ത് നിർമ്മിക്കുന്നതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. 2021 സെപ്റ്റംബറിലാണ് 56 സി-295 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ ക്രാഫ്റ്റുകള്‍ വാങ്ങാന്‍ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസുമായി ഏകദേശം 21,000 കോടിയുടെ കരാര്‍ ഇന്ത്യ ഒപ്പിട്ടത്. വ്യോമസേനയിലെ പഴക്കംചെന്ന അവ്‌റോ- 748 വിമാനങ്ങള്‍ക്കു പകരമായാണ് സി- 295 എയര്‍ക്രാഫ്റ്റുകള്‍ എത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam