
ദില്ലി: വിമാനത്തിനോടുള്ള കൗതുകം അതിരുകടന്നു. 13 വയസ്സുകാരൻ കാബൂളിൽ നിന്ന് എത്തിയത് ദില്ലിക്ക്. കുട്ടി ഒളിച്ചിരുന്നത് വിമാനത്തിന്റെ ലാൻഡിങ് ഗിയർ കമ്പാർട്ട്മെൻ്റിൽ. ഞായറാഴ്ചയാണ് സംഭവം. കുട്ടിയെ അതേ വിമാനത്തിൽ തിരിച്ച് അയച്ചതായി ഉന്നതവൃത്തങ്ങൾ വിശദമാക്കി. കാം എയർലൈനിന്റെ ആർ ക്യു 4401 എന്ന വിമാനത്തിലാണ് 13കാരൻ ദില്ലി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. 2 മണിക്കൂർ യാത്രയ്ക്കൊടുവിലാണ് 13കാരൻ സുരക്ഷിതനായി ദില്ലി വിമാനത്താവളത്തിൽ ഇറങ്ങിയത്. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ വിമാനത്തിന് ചുറ്റുമായി അലഞ്ഞു തിരിഞ്ഞ ബാലനെ എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്.
അഫ്ഗാനിസ്ഥാനിലെ അഞ്ചാമത്തെ വലിയ നഗരമായ കുന്ദൂസ് സ്വദേശിയാണ് 13കാരൻ. കാബൂൾ വിമാനത്താവളത്തിന് ഉള്ളിലേക്ക് ഒളിച്ച കടന്ന ശേഷം റിയർ സെൻട്രൽ ലാൻഡിംഗ് ഗിയർ കംപാർട്ട്മെന്റിനുള്ളിൽ കയറുകയായിരുന്നു 13കാരൻ ചെയ്തത്. പുറത്തിറങ്ങും മുൻപ് വിമാനം ടേക്ക് ഓഫ് ചെയ്തതോടെ ബാലൻ വിമാനത്തിൽ കുടുങ്ങുകയായിരുന്നു.