ബസ്തറിലെ കുട്ടികള്‍ ഇനി പഠിക്കും; 12 വര്‍ഷമായി അടച്ചിട്ട സ്കൂളുകള്‍ തുറന്നു

By Web TeamFirst Published Nov 21, 2019, 5:40 PM IST
Highlights

മാവോയിസ്റ്റ് ആക്രമണങ്ങളെത്തുടര്‍ന്ന് അടച്ചുപൂട്ടിയ സ്കൂളുകളില്‍ 26 എണ്ണം തുറന്നു

12 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാവോയിസ്റ്റ് ആക്രമണങ്ങളെ തുടര്‍ന്ന് അടച്ചിട്ട ബസ്തറിലെ 26 സ്കൂളുകള്‍ ചത്തീസ്‍ഗഡ് സര്‍ക്കാര്‍ തുറന്നു. ഈ സ്കൂളുകള്‍ക്ക് പുറമെ ബിജാപൂര്‍ ജില്ലയില്‍ 300 സ്കൂളുകള്‍ ആണ് ആക്രമണങ്ങളെ തുടര്‍ന്ന് അടച്ചുപൂട്ടിയിട്ടുള്ളതെന്നാണ് സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2007 ല്‍ ബിജാപൂരില്‍ 51 ആക്രമണങ്ങളിലായി 155 പേരാണ് മരിച്ചത്. ഇതില്‍ 98 സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടും. മാവോയിസ്റ്റുകളെ നേരിടാന്‍ സര്‍ക്കാര്‍ സൈന്യത്തെ ഉപയോഗിച്ച് സാല്‍വജുദൂം  സംഘത്തെ ഉണ്ടാക്കിയതോടെ ബസ്തര്‍ മേഖലയില്‍ മാവോയിസ്റ്റുകള്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ബഹിഷ്കരിച്ചിരുന്നു. ഇതിന്‍റെ പിന്നാലെയാണ് ആക്രമണങ്ങള്‍ തുടര്‍ന്നതും സ്കൂളുകള്‍ അടച്ചുപൂട്ടിയതും. 

പ്രദേശത്തെ ആദിവാസികളുടെ സഹായത്തോടെ സ്കൂളുകള്‍ തുറന്നുവെന്നും 26 സ്കൂളുകളിലായി 700 കുട്ടികള്‍ പഠനം ആരംഭിച്ചുവെന്നും സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി. വളരെ ഒറ്റപ്പെട്ട ഗ്രാമങ്ങളെക്കൂടി മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് സ്കൂളുകള്‍ തുറന്നതെന്ന് ബിജാപൂര്‍ ജില്ലാ കളക്ടര്‍ കെ ഡി കുഞ്ജം പറഞ്ഞു. സ്കൂളില്‍ സ്ലേറ്റുകള്‍, ടെക്സ്റ്റ് പുസ്തകങ്ങള്‍, നോട്ട് ബുക്കുകള്‍, ഉച്ചഭക്ഷണം എന്നിവ നല്‍കും. 

പ്രദേശവാസികളെത്തന്നെയാണ് അധ്യാപകരായും നിയമിച്ചിരിക്കുന്നത്. ഇവര്‍ക്ക് ജില്ലാ മിനറല്‍ ഫണ്ടില്‍ നിന്നാണ് ഹോണറേറിയം നല്‍കുന്നത്. പ്രദേശത്തെ സാമൂഹിക സാമ്പത്തിക വളര്‍ച്ചക്കായി, ഖനന കമ്പനികള്‍ നല്‍കുന്നതാണ് ഈ തുക. 

ഗ്രാമത്തിലെ സ്കൂളുകള്‍ വീണ്ടും തുറക്കുന്നതില്‍ കുട്ടികളും രക്ഷിതാക്കളും സന്തോഷത്തിലാണെന്ന് ഗരോന ഗ്രാമത്തിലെ അധ്യാപകരിലൊരാളായ സുരേഷ് കുര്‍സാം പറഞ്ഞു. '' 2007 ല്‍ സ്കൂളുകള്‍ അടച്ചതാണ്, അതിനുശേഷം ഇവിടുത്തെ മിക്ക കുട്ടികളും വിദ്യാഭ്യാസം നേടിയിട്ടില്ല. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ 55 കുട്ടികളെ ചേര്‍ത്തു '' - സുരേഷ് കുര്‍സാം വ്യക്തമാക്കി.
 

click me!