
പൂനെ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി' ആരോപണങ്ങൾക്ക് പിന്നാലെ പുതിയ വിവാദം. ബിഹാർ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന സമയത്ത് മഷി പുരണ്ട വിരലുമായി പുനെയിൽ നിന്നുള്ള ഒരു യുവതി പോസ്റ്റ് ചെയ്ത ചിത്രം വൈറലായതാണ് പുതിയ ആരോണങ്ങൾക്ക് പിന്നിൽ. രാജ്യത്ത് തെരഞ്ഞെടുപ്പിൽ ജയിക്കാൻ ബിജെപി വോട്ടുകൾ മോഷ്ടിക്കുകയാണെന്ന കോൺഗ്രസ് ആരോപണങ്ങൾക്ക് വീണ്ടും ശക്തി പകരുന്നതാണ് ഈ സംഭവവികാസങ്ങൾ.
ഹരിയാനയിലെ വോട്ടർ പട്ടികയിൽ ബ്രസീലിയൻ യുവതിയുടെ ചിത്രം ഉൾപ്പെട്ടുവെന്ന ആരോപണത്തിന് പിന്നാലെ, കോൺഗ്രസ് തങ്ങളുടെ വാദങ്ങളെ പിന്തുണയ്ക്കാൻ ചൂണ്ടിക്കാണിക്കുന്ന രണ്ടാമത്തെ ഉദാഹരണമാണിത്. പൂനെയിൽ നിന്നുള്ള അഭിഭാഷകയായ ഊർമ്മി, താൻ വോട്ട് ചെയ്തു എന്നതിന്‍റെ തെളിവായി വിരലിൽ മഷിയുള്ള സെൽഫി ഇന്നലെ പോസ്റ്റ് ചെയ്തിരുന്നു. 'മോദി-ഫൈഡ് ആയ ഇന്ത്യക്കായി വോട്ട് ചെയ്തു. ജായി കെ വോട്ട് ഡാലി, ബിഹാർ' എന്നായിരുന്നു അടിക്കുറിപ്പ്.
മറ്റൊരു സംസ്ഥാനത്തിലെ വോട്ടർമാർ വേറൊരു സംസ്ഥാനത്ത് വോട്ട് ചെയ്യുന്നതിന്‍റെ ഉദാഹരണമാണിതെന്ന് കോണ്‍ഗ്രസ് ഈ ചിത്രം ചൂണ്ടിക്കാട്ടി ആരോപിക്കുന്നു. പല പേരുകളുള്ള ഒരു സ്ത്രീ 10 വ്യത്യസ്ത ബൂത്തുകളിൽ വോട്ട് ചെയ്തു എന്ന് ആരോപിച്ച് വ്യാഴാഴ്ച ഹരിയാന തെരഞ്ഞെടുപ്പിനെക്കുറിച്ചും രാഹുൽ ഗാന്ധി സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങളെ ന്യായീകരിക്കാൻ കോൺഗ്രസ് പ്രവർത്തകർ അഭിഭാഷകയുടെ ചിത്രം കൂട്ടത്തോടെ പങ്കുവയ്ക്കുന്നുണ്ട്.
'മൾട്ടി-സ്റ്റേറ്റ് വോട്ടിംഗ് ആണ് പുതിയ സ്റ്റാർട്ടപ്പ്. നിക്ഷേപകൻ: ബിജെപി. ഉൽപ്പന്നം: വ്യാജ ജനവിധി' കോൺഗ്രസ് സോഷ്യൽ മീഡിയ കോർഡിനേറ്റർ രേഷ്മ ആലം പറഞ്ഞു. "ലോക്സഭയിൽ മഹാരാഷ്ട്രയിൽ വോട്ട് ചെയ്യും. നിയമസഭയിൽ ബിഹാറിൽ വോട്ട് ചെയ്യും. മോദിക്ക് വേണ്ടി വോട്ട് മോഷ്ടിക്കും' മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് അതുൽ ലോന്ധെ പാട്ടീൽ പരിഹസിച്ചു.
ബിഹാറിലെ കോൺഗ്രസ് സഖ്യകക്ഷികളും സർക്കാരിനെ വിമർശിക്കാൻ രംഗത്തെത്തി. '2024-ൽ മാഡം മഹാരാഷ്ട്രയിൽ വോട്ട് ചെയ്തു, 2025-ൽ ബിഹാറിൽ വോട്ട് ചെയ്തു. 'മോദിയുടെ' ഇന്ത്യ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നു എന്ന് അവർ പരസ്യമായി എഴുതി. അവരുടെ അഹങ്കാരം നോക്കൂ. നിങ്ങൾ അവരോട് എന്തെങ്കിലും ചോദിച്ചാൽ, മാഡം പറയും, 'സിസ്റ്റം ഞങ്ങളുടെതാണ്!' ബിജെപി ആളുകൾക്ക് വേണ്ടിയാണ് ഈ സിസ്റ്റം മുഴുവൻ പ്രവർത്തിക്കുന്നത്' ആർജെഡി വക്താവ് പ്രിയങ്ക ഭാരതി പറഞ്ഞു.
ഊർമ്മിയുടെ വിശദീകരണം
തന്‍റെ പോസ്റ്റ് ബിഹാറിലെ വോട്ടർമാർക്ക് പ്രചോദനം നൽകാൻ വേണ്ടി മാത്രമായിരുന്നു എന്നും, താൻ അവിടെ വോട്ട് ചെയ്തു എന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നുമാണ് ഊര്‍മ്മി പറയുന്നത്. "ഇത് പ്രചോദനത്തിന് വേണ്ടി മാത്രമായിരുന്നു. ഞാൻ 'ഇന്ന്' വോട്ട് ചെയ്തു എന്ന് പറഞ്ഞിട്ടില്ല. ഞാൻ വോട്ട് ചെയ്തു എന്ന് മാത്രമാണ് പറഞ്ഞത്. അത് മഹാരാഷ്ട്രയിലായിരുന്നു എന്ന് എല്ലാവർക്കുമറിയാം. അതുകൊണ്ട്, ശാന്തരാവുക! വേണ്ടത്ര പ്രചോദിതരായോ? ഇനി നിങ്ങളുടെ ഊഴമാണ്, ബിഹാർ. പോയി വോട്ട് ചെയ്യുക," ഊർമ്മി പറഞ്ഞു.
ബ്രസീലിയൻ യുവതിയുടെ ചിത്രം വൈറലായ സംഭവം
നേരത്തെ, രാഹുൽ ഗാന്ധി ഒരു ബ്രസീലിയൻ യുവതിയുടെ ചിത്രം ഹരിയാന വോട്ടർ പട്ടികയിൽ 22 എൻട്രികളിൽ ഉപയോഗിച്ചിരുന്നു എന്ന് ആരോപിച്ചതിനെ തുടർന്ന് ആ ചിത്രം വൈറലായിരുന്നു. പിന്നീട് ഈ ചിത്രം ഹെയർഡ്രെസ്സറായ ലാരിസ നെറിയുടേതാണ് എന്ന് കണ്ടെത്തി. എട്ട് വർഷം മുൻപ് ഒരു ഫോട്ടോഗ്രാഫർ സുഹൃത്തിന് വേണ്ടി അവർ പോസ് ചെയ്തതായിരുന്നു ഈ ചിത്രം. മറ്റൊരു രാജ്യത്ത് ഈ ചിത്രം ഒരു വലിയ രാഷ്ട്രീയ വിവാദത്തിന്‍റെ കേന്ദ്രമായി മാറുമെന്ന് അവർ അറിഞ്ഞിരുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam