
തെലങ്കാന: മൈസൂരു സരഗൂരിൽ കടുവയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. കർഷകനായ ദണ്ഡ നായക്കിന്റെ മൃതദേഹമാണ് പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മാസത്തിനിടെ സരഗൂരിൽ ഉണ്ടാകുന്ന നാലാമത്തെ ആക്രമണമാണ് ഇത്. കടുവയുടെ ആക്രമണത്തിന് പിന്നാലെ നാഗർഹോള, ബന്ദിപൂർ കടുവാ സങ്കേതങ്ങൾ അടച്ചിരിക്കുകയാണ് നിലവില്‍. സരഗൂരിലെ ഹളെ ഹഗ്ഗഡിലു എന്ന പ്രദേശത്ത് സ്വന്തം കൃഷിയിടത്തിൽ വച്ചാണ് അന്പത്തിരണ്ടുകാരനായ ദണ്ഡ നായകിനെ കടുവ ആക്രമിച്ചത്. കൊലപ്പെടുത്തിയ ശേഷം അൽപദൂരം വലിച്ചു കൊണ്ടുപോയ മൃതദേഹം ആന കടക്കാതിരിക്കാൻ വേണ്ടി നിർമിച്ച കിടങ്ങിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു.
തലയുടെ ഭാഗവും തുടയുടെ ഭാഗവും ഭക്ഷിച്ച നിലയിലായിരുന്നു മൃതശരീരം. എന്നാൽ ഇത് കടുവ ഭക്ഷിച്ചതാണോ എന്ന് സ്ഥിരീകരിക്കാൻ വനംവകുപ്പ് തയ്യാറായിട്ടില്ല. സരഗൂരിൽ ഒരു മാസത്തിനിടെ കടുവ കൊല്ലുന്ന മൂന്നാമത്തെ ആളാണ് ദണ്ഡ നായക്. മറ്റൊരു കർഷകന് കടുവയുടെ ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ടിരുന്നു. ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിന് വടക്കുള്ള നുഗു വന്യജീവി സങ്കേതത്തിന് സമീപമാണ് ഇപ്പോൾ ആക്രമണം നടന്നിരിക്കുന്നത്. കഴിഞ്ഞ തവണ കടുവ കർഷകനെ കൊന്ന സ്ഥലത്ത് നിന്ന് ഇവിടേക്ക് ആറ് കിലോമീറ്റർ മാത്രമാണ് ദൂരം. പ്രദേശത്ത് നരഭോജി കടുവ ഇല്ലെന്ന് വനംവകുപ്പ് കഴിഞ്ഞ ദവസം പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. ഇന്നുരാവിലെ കർഷകന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി എത്തിയിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ റേഞ്ച് ഓഫീസറെ നാട്ടുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. കടുവയുടെ ആക്രമണത്തിന് പിന്നാലെ നാഗർഹോള, ബന്ദിപ്പൂർ കടുവാ സങ്കേതങ്ങൾ അടച്ചിരിക്കുകയാണ്. ഇവിടെ ട്രെക്കിംഗിന് സഹായങ്ങൾ നൽകുന്ന ഉദ്യോഗസ്ഥരെ കടുവാ ദൗത്യത്തിനായി നിയോഗിക്കാൻ വനംമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam