
ദില്ലി: നിയമപരമായി പ്രായപൂർത്തിയായില്ലെങ്കിലും ഋതുമതിയായാൽ രക്ഷകർത്താക്കളുടെ സമ്മതമില്ലാതെ മുസ്ലിം പെൺകുട്ടിക്ക് ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാമെന്ന് ദില്ലി ഹൈക്കോടതി. മുസ്ലിം നിയമ പ്രകാരം പ്രായപൂർത്തിയായ പെൺകുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഭർത്താവിനൊപ്പം താമസിക്കാൻ അവകാശമുണ്ടെന്നും ദില്ലി ഹൈക്കോടതി വ്യക്തമാക്കി.
പെൺകുട്ടിയുടെ മാതാപിതാക്കളുടെ എതിർപ്പ് അവഗണിച്ച് മുസ്ലിം പെൺകുട്ടി വിവാഹിതയായ സംഭവത്തിലാണ് ജസ്റ്റിസ് ജസ്മീത് സിംഗ് നിരീക്ഷണം നടത്തിയത്. 25കാരനെ വിവാഹം ചെയ്യുമ്പോൾ പെൺകുട്ടിക്ക് നിയമപ്രകാരം പ്രായപൂർത്തിയായിരുന്നില്ലെന്നും 15 വയസ്സ് മാത്രമാണ് പ്രായമെന്നും പെൺകുട്ടിയുടെ കുടുംബവും പൊലീസും കോടതിയെ അറിയിച്ചു. എന്നാൽ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയ ആധാർ കാർഡ് പ്രകാരം പെൺകുട്ടിക്ക് 19 വയസ്സാണ് പ്രായം.
മുഹമ്മദീയ നിയമമനുസരിച്ച്, പ്രായപൂർത്തിയായ പെൺകുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്നും 18 വയസ്സിന് താഴെയാണെങ്കിൽ പോലും ഭർത്താവിനൊപ്പം താമസിക്കാൻ അവകാശമുണ്ടെന്നും ഉത്തരവിൽ ജസ്റ്റിസ് സിംഗ് പറഞ്ഞു. കേസിൽ പെൺകുട്ടിയെ ഭർത്താവിനൊപ്പം വിടാനും കോടതി ഉത്തരവിട്ടു. യുവാവിനെതിരെ പോക്സോ ചുമത്തണമെന്നായിരുന്നു വീട്ടുകാരുടെ ആവശ്യം. എന്നാൽ ഈ കേസിൽ പോക്സോ ചുമത്താനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രണയിക്കുകയും മുഹമ്മദീയ നിയമപ്രകാരം വിവാഹിതരായ ശേഷം ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തതിനാൽ ഈ സംഭവത്തിൽ പോക്സോ ചുമത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam