മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേന വിഭാഗത്തെ ഭരണത്തിൽ നിന്ന് മാറ്റിനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് അസ്വാഭാവികമെന്ന് വിലയിരുത്തപ്പെടുന്ന സഖ്യം രൂപീകരിച്ചത്.
മുംബൈ : മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ അംബർനാഥ് മുനിസിപ്പാലിറ്റിയിൽ ഭരണം പിടിക്കാൻ കോൺഗ്രസുമായി കൈകോർത്ത് ബി ജെ പി. 'കോൺഗ്രസ് മുക്ത ഭാരതം' മെന്ന മുദ്രാവാക്യം ദേശീയതലത്തിൽ വർഷങ്ങളായി ഉയർത്തുന്ന ബി ജെ പിയാണ് അംബർനാഥിൽ അധികാരം പിടിച്ചെടുക്കാൻ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയത്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേന വിഭാഗത്തെ ഭരണത്തിൽ നിന്ന് മാറ്റിനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് അസ്വാഭാവികമെന്ന് വിലയിരുത്തപ്പെടുന്ന സഖ്യം രൂപീകരിച്ചത്. എന്നാൽ, നീക്കത്തെ തള്ളിക്കളഞ്ഞ മഹാരാഷ്ട്ര കോൺഗ്രസ് നേതൃത്വം, പാർട്ടി അച്ചടക്കം ലംഘിച്ചതിന് അംബർനാഥ് ബ്ലോക്ക് പ്രസിഡന്റ് പ്രദീപ് പാട്ടീലിനെയും തിരഞ്ഞെടുക്കപ്പെട്ട എല്ലാ കോൺഗ്രസ് കോർപ്പറേറ്റർമാരെയും പാർട്ടിയിൽ നിന്ന് പുറത്താക്കി.
ബിജെപി, കോൺഗ്രസ്, എൻസിപി (അജിത് പവാർ വിഭാഗം) എന്നിവർ ചേർന്നാണ് അംബർനാഥ് വികാസ് അഘാഡി" എന്ന പേരിൽ സഖ്യം രൂപീകരിച്ചു. 14 ബി ജെ പി കൗൺസിലർമാർ, 12 കോൺഗ്രസ് കൗൺസിലർമാർ, അജിത് പവാർ പക്ഷത്തെ 4 എൻ സി പി കൗൺസിലർമാർ, ഒരു സ്വതന്ത്രൻ എന്നിവരാണ് ഈ സഖ്യത്തിലുള്ളത്. മുനിസിപ്പൽ പ്രസിഡന്റ് സ്ഥാനവും കൂടി ചേർന്നതോടെ സഖ്യത്തിന്റെ അംഗബലം 32 ആയി ഉയർന്നു. ഇതോടെ ബി ജെ പിക്ക് കൗൺസിലിൽ സുരക്ഷിതമായ ഭൂരിപക്ഷം ലഭിച്ചു.
സഖ്യത്തിന്റെ പിന്തുണയോടെ ബി ജെ പി നേതാവ് തേജശ്രീ കരംജുലെ അംബർനാഥ് മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റായി (മേയർ) തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ശിവസേന (ഷിൻഡെ വിഭാഗം) ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും, തിരഞ്ഞെടുപ്പിന് ശേഷമുള്ള ഇത്തരം തന്ത്രങ്ങളിലൂടെ അധികാരത്തിൽ നിന്ന് പുറത്തായെന്നതും ശ്രദ്ധേയമാണ്.


