
ദില്ലി: സോണിയ ഗാന്ധിക്ക് എതിരായ ജഗ്ദീപ് ധന്കറുടെ പരാമർശത്തിൽ രാജ്യസഭയിൽ ബഹളം. അധ്യക്ഷന്‍റെ പരാമർശം സഭാ രേഖകളിൽ നിന്നും നീക്കണം എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പുറത്ത് പറഞ്ഞതിനെ സഭയ്ക്ക് അകത്തു പരാമര്‍ശിക്കേണ്ട എന്ന് ഖർഗെ. സോണിയ ഗാന്ധിയുടെ പരാമർശം ജനാധിപത്യത്തിൽ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് എന്നായിരുന്നു രാജ്യസഭ അധ്യക്ഷൻ പറഞ്ഞത്. ജുഡീഷ്യറിക്ക് എതിരായ കേന്ദ്ര നീക്കം കോടതികളുടെ അധികാരം ഇല്ലാതാക്കാൻ എന്നായിരുന്നു കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗത്തിൽ സോണിയ ഗാന്ധിയുടെ വിമർശനം.
ഉന്നത ഭരണഘടനാ സ്ഥാപനങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത് എന്നും ജഗ്ദീപ് ധന്കര്‍ പറഞ്ഞു. സഭയില്‍ പറഞ്ഞതില്‍ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു എന്ന് ജഗ്ദീപ് ധന്‍കര്‍ പറഞ്ഞതോടെയാണ് സഭയില്‍ ബഹളമുണ്ടായത്. താൻ കൂടി ഉൾപ്പെട്ട സഭയുമായി ബന്ധപ്പെട്ട വിമർശനം ആയതിനാൽ ആണ് ഇടപെടുന്നത്. ഇത്തരം വിമർശനങ്ങൾ തെറ്റായ സന്ദേശം നൽകും എന്നും അധ്യക്ഷൻ കൂട്ടിച്ചേര്‍ത്തു. ജുഡീഷ്യറിയെ നിയമവിരുദ്ധമാക്കാനും ജനങ്ങളുടെ കണ്ണിൽ അതിന്റെ സ്ഥാനം കുറയ്ക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ മോദി സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതായി സോണിയാ ഗാന്ധി ബുധനാഴ്ച പറഞ്ഞിരുന്നു.
ജുഡീഷ്യൽ നിയമനങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരും ജുഡീഷ്യറിയും തമ്മിലുള്ള സമീപകാല ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിലായിരുന്നു സോണിയാ ഗാന്ധിയുടെ പരാമര്‍ശം. നേരത്തെ ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ ബിൽ സുപ്രീം കോടതി റദ്ദാക്കിയതിനെ ധന്‍കര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പാർലമെന്ററി പരമാധികാരത്തിന്റെ കടുത്ത വിട്ടുവീഴ്ചയെന്നാണ് സുപ്രീം കോടതി നടപടിയെ ധന്‍കര്‍ വിശേഷിപ്പിച്ചത്. നിലവിലുള്ള കൊളീജിയം നിയമനത്തിന് പകരമായി ഉയർന്ന ജുഡീഷ്യറികളിലേക്ക് ജഡ്ജിമാരെ നിയമിക്കുന്ന പ്രക്രിയയുമായി ബന്ധപ്പെട്ട ബില്ലാണ് സുപ്രീം കോടതി റദ്ദാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam