
ദാമൻ, ദിയു: അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാന ദുരന്തത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ചര്‍ച്ചയാകുമ്പോഴും അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേഷ് ഇപ്പോഴും ആഘാതത്തിൽ നിന്ന് മോചിതനായിട്ടില്ല. ജൂണ്‍ 12ന് നടന്ന വിമാന അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിമാനത്തിൽ യാത്ര ചെയ്തിരുന്ന ഒരേയൊരാളായിരുന്നു ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാര്‍ രമേശ്.
അപകടത്തിന്‍റെ ആഘാതം മാറാത്ത 40കാരനായ വിശ്വാസ് കുമാര്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനായി കൗണ്‍സിലിങ് അടക്കമുള്ള വഴി തേടുകയാണെന്ന് ബന്ധു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന വിശ്വാസ് കുമാറിന്‍റെ സഹോജരൻ അജയ് അടക്കമുള്ള 241 പേരും മറ്റു 19പേരുമാണ് ദുരന്തത്തിൽ മരിച്ചത്. അപകടം നടന്ന സ്ഥലത്തെ നടുക്കുന്ന രംഗങ്ങളും അത്ഭുതകരമായ രക്ഷപ്പെടലുമെല്ലാം ഇപ്പോഴും വിശ്വാസിന്‍റെ ഉറക്കം കെടുത്തുകയാണെന്ന് ബന്ധുവായ സണ്ണി പറഞ്ഞു.
വിശ്വാസിന്‍റെ ആരോഗ്യ വിവരം തിരക്ക് വിദേശത്ത് താമസിക്കുന്നവരടക്കം വിളിക്കുന്നുണ്ട്. എന്നാൽ, വിശ്വാസ് ഇപ്പോള്‍ ആരോടും സംസാരിക്കുന്നില്ല. സഹോദരന്‍റെ മരണത്തിലും അപകടത്തിന്‍റെയും ആഘാതം വിട്ടുമാറിയിട്ടില്ല. ഇപ്പോഴും രാത്രിയിൽ ഉറക്കത്തിൽ ഞെട്ടി ഉണരുന്ന വിശ്വാസ് ശരിക്കും ഉറങ്ങാറില്ല. കഴിഞ്ഞ ദിവസം വിശ്വാസിനെ മാനസികാരോഗ്യ വിദഗ്ധന്‍റെ അടുത്തുകൊണ്ടുപോയി. കൗണ്‍സിലിങ് അടക്കമുള്ള ചികിത്സ തുടങ്ങിയതിനാൽ ലണ്ടനിലേക്ക് തിരിച്ചുപോകുന്നകാര്യം തീരുമാനിച്ചിട്ടില്ലെന്നും ബന്ധു പറഞ്ഞു.
ജൂണ്‍ 17നാണ് അപകടത്തിൽ പരിക്കേറ്റ വിശ്വാസ് അഹമ്മദാബാദിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ആയി പോകുന്നത്. അതേ ദിവസം തന്നെ സഹോദരന്‍റെ മൃതദേഹവും കൈമാറിയിരുന്നു. കേന്ദ്ര ഭരണ പ്രദേശമായ ദിയുവിലുള്ള കുടുംബത്തെ കണ്ടശേഷം ലണ്ടനിലേക്ക് തിരിച്ചുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടത്തിനുശേഷം വിശ്വാസിനെ ആശുപത്രിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചിരുന്നു. എമര്‍ജെന്‍സി ഡോറിന്‍റെ സമീപത്തുള്ള 11എ സീറ്റിലായിരുന്നു വിശ്വാസ് ഇരുന്നിരുന്നത്. ഭാഗ്യവശാൽ വിമാനം തകര്‍ന്നുവീണപ്പോള്‍ വിശ്വാസ് ഇരുന്നിരുന്ന ഭാഗം മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ ഭാഗത്താണ് വീണത്.
വീഴ്ചയിൽ എമര്‍ജെന്‍സി ഡോറും തകര്‍ന്നിരുന്നുവെന്നും അങ്ങനെ ഉടനെ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് വിശ്വാസ് അന്ന് പ്രതികരിച്ചിരുന്നത്. വിശ്വാസ് രക്ഷപ്പെട്ട് പുറത്തുവരുന്നതിന്‍റെ വീഡിയോകളും നേരത്തെ പുറത്തുവന്നിരുന്നു. അന്ന് രക്ഷപ്പെട്ട് പുറത്തേക്ക് വന്നെങ്കിലും ആ നടുക്കുന്ന ദുരന്തത്തിന്‍റെ ഓര്‍മകള്‍ വിട്ടുപോകാതെ വിശ്വാസിനെ പിന്തുടരുകയാണിപ്പോഴും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam