
ചെന്നൈ : ഡിഎംകെ സഖ്യത്തിൽ തുടരുന്ന സിപിഎമ്മിനെ ബിജെപി നയിക്കുന്ന എൻഡിഎയിലേക്ക് ക്ഷണിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസാമി. അർഹമായ പരിഗണന ലഭിക്കാതെ അപമാനിക്കപ്പെട്ട് സ്റ്റാലിനൊപ്പം തുടരുന്നത് എന്തിനെന്നാണ് സിപിഎമ്മിനോട് എടപ്പാടി പളനിസ്വാമിയുടെ ചോദ്യം.
കഴിഞ്ഞ ജനുവരിയിൽ സിപിഎം സംസ്ഥാന സമ്മേളനം നടന്നപ്പോൾ സിപിഎം പ്രവര്‍ത്തകര്‍ക്ക് റെഡ് വോളന്റിയർ മാർച്ചിന് പോലും സ്റ്റാലിൻ അനുമതി നൽകിയില്ലെന്നത് ഇപിഎസ് ചൂണ്ടിക്കാട്ടുന്നു. സിപിഎമ്മിന് അർഹമായ സീറ്റുകളും സ്റ്റാലിൻ നൽകിയില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും സിപിഎമ്മിന് അർഹമായ സീറ്റുകൾ ഡിഎംകെ നൽകില്ലെന്നും എടപ്പാടി പളനിസാമി പറയുന്നു. മുന്നണിക്കുള്ളിൽ അപമാനിതരായി എന്തിന് നിൽക്കുന്നുവെന്നാണ് ഇതെല്ലാം ചൂണ്ടിക്കാട്ടി ഇപിഎസിന്റെ ചോദ്യം.
എന്നാൽ ഇപിഎസ്സിന്റെ ക്ഷണം സിപിഎം സംസ്ഥാന സെക്രട്ടറി പി.ഷണ്മുഖം തള്ളി. രാവിലെയും വൈകീട്ടും രണ്ട് നിലപാടുള്ള വ്യക്തിയാണ് ഇപിഎസ് എന്നും ചുവപ്പ് പരവതാനിയല്ല, ചതി ഒളിപ്പിച്ച കെണിയാണ് ഈ ക്ഷണമെന്നും പി.ഷണ്മുഖം പ്രതികരിച്ചു.
നിലവിൽ പ്രതിപക്ഷത്തുള്ള എഐഎഡിഎംകെ, ബിജെപിയുമായി ചേർന്നാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.