ചർച്ച പരാജയം; സമരം ശക്തമാക്കി ദില്ലി എയിംസിലെ നഴ്‍സുമാര്‍, പത്തിന് സമ്പൂർണ്ണ ഡ്യൂട്ടി ബഹിഷ്ക്കരണം

By Web TeamFirst Published Jun 5, 2020, 1:38 PM IST
Highlights

സമരത്തെ ആദ്യഘട്ടത്തിൽ അവഗണിച്ച എംയിസ് അധികൃതർ ഇന്ന് ചർച്ചക്ക് തയ്യാറായി. എന്നാൽ, ഡ്യൂട്ടി സമയം പുതുക്കുന്ന കാര്യത്തിൽ അധികൃതർ തണുപ്പൻ സമീപനം സ്വീകരിച്ചതോടെ ചർച്ച പരാജയപ്പെട്ടു.

ദില്ലി: രാജ്യതലസ്ഥാനത്ത് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിനിടെ ദില്ലി എംയിസിലെ നഴ്സുമാരുടെ സമരത്തിന് പരിഹാരം കാണാതെ അധികൃതർ. നഴ്സ് യൂണിയനുമായി അധികൃതർ ഇന്ന് നടത്തിയ ചർച്ചയും പരാജയപ്പെട്ടു. ആവശ്യങ്ങൾ പരിഗണിക്കാത്ത സാഹചര്യത്തിൽ ഈ മാസം പത്തിന് ഡ്യൂട്ടി പൂർണ്ണമായും ബഹിഷ്ക്കരിക്കാനാണ് യൂണിയൻ ആഹ്വാനം.

രോഗികളുടെ എണ്ണം വർധിച്ചതോടെ എംയിസ് അടക്കമുള്ള രാജ്യതലസ്ഥാനത്തെ ആശുപത്രികളിൽ വലിയ പ്രതിസന്ധിയാണ്. രോഗികളെ പരിചരിക്കുന്ന നഴ്സുമാരുടെ സുരക്ഷയുടെ കാര്യത്തിലും നടപടികളില്ലെന്നാണ് ആക്ഷേപം. പിപിഇ കിറ്റുകൾ ധരിച്ചുള്ള ഭാരിച്ച ഡ്യൂട്ടി സമയം നാല് മണിക്കൂറാക്കി ചുരുക്കണം എന്നതുൾപ്പടെ പതിനൊന്ന് ആവശ്യങ്ങൾ മുന്നോട്ട് വച്ചാണ് യൂണിയൻ സമരം തുടങ്ങിയത്. എംയിസ് ഡയറക്ടറുടെ മുറിയുടെ മുന്നിൽ കുത്തിയിരുന്നാണ് പ്രതിഷേധം. സമരത്തെ ആദ്യഘട്ടത്തിൽ അവഗണിച്ച എംയിസ് അധികൃതർ ഇന്ന് ചർച്ചക്ക് തയ്യാറായി. എന്നാൽ, ഡ്യൂട്ടി സമയം പുതുക്കുന്ന കാര്യത്തിൽ അധികൃതർ തണുപ്പൻ സമീപനം സ്വീകരിച്ചതോടെ ചർച്ച പരാജയപ്പെട്ടു.

രോഗികളാകുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിൽ ആശങ്ക ജനിപ്പിക്കുന്ന കണക്കുകളാണ് എംയിസിൽ നിന്ന് പുറത്തുവരുന്നത്. പത്ത് മലയാളികൾ ഉൾപ്പെടെ 480 ജീവനക്കാർക്ക് എംയിസിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചെന്നാണ് കണക്കുകൾ. ദില്ലിയിൽ മലയാളികളായ രണ്ട് നഴ്സുമാർ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

click me!