
ദില്ലി: ദില്ലി വിമാനത്താവളത്തിൽ യാത്രക്കാരനെ മർദ്ദിച്ച എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ ഡൽഹി പോലീസ് കേസെടുത്തു. ഓഫ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൈലറ്റ് വീരേന്ദർ സെജ്‌വാളിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിൽ വെച്ചാണ് വീരേന്ദർ സെജ്‌വാൾ, അങ്കിത് ധവാനെ മർദിച്ചത്. ഡിസംബർ 19 ന് സ്പൈസ് ജെറ്റ് വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ അങ്കിത് ദിവാനും കുടുംബവും സെക്യൂരിറ്റി പരിശോധനയ്ക്കായി കാത്തുനിൽക്കുമ്പോഴാണ് സംഭവം.
നാല് മാസം പ്രായമുള്ള കുഞ്ഞും കൂടെയുണ്ടായിരുന്നതിനാൽ വിമാനത്താവള അധികൃതർ ഇവരെ ജീവനക്കാർക്കുള്ള വരിയിലൂടെ പോകാൻ നിർദ്ദേശിച്ചു. എന്നാൽ പൈലറ്റ് ഉൾപ്പെടെയുള്ള ജീവനക്കാർ തങ്ങളെ മറികടന്ന് പോകുന്നത് അങ്കിത് ചോദ്യം ചെയ്തതോടെ തർക്കം ആരംഭിക്കുകയായിരുന്നു. തർക്കത്തിനിടെ പൈലറ്റ് വീരേന്ദർ സെജ്‌വാൾ അങ്കിതിനെ അസഭ്യം പറയുകയും മുഖത്തടിക്കുകയും ചെയ്തു. ആക്രമണത്തിൽ അങ്കിതിന്റെ മൂക്കിലും വായിലും മുറിവേറ്റ്, രക്തം വന്നു. തന്റെ ഏഴ് വയസ്സുകാരിയായ മകളുടെ മുന്നിൽ വെച്ചാണ് പൈലറ്റ് മർദ്ദിച്ചതെന്നും സംഭവം മകൾക്ക് വലിയ മാനസികാഘാതമായെന്നും അങ്കിത് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. മർദിച്ച പൈലറ്റിൻ്റെ ചിത്രവും എക്‌സിലൂടെ പങ്കുവച്ചു,
താൻ മർദ്ദനമേറ്റു കിടക്കുമ്പോൾ പരാതി നൽകിയാൽ വിമാനം നഷ്ടപ്പെടുമെന്നും അതിനാൽ പരാതി നൽകുന്നില്ലെന്ന് എഴുതി ഒപ്പിട്ടു നൽകാൻ താൻ നിർബന്ധിതനായെന്നും അങ്കിത് നേരത്തെ ആരോപിച്ചിരുന്നു. പിന്നീട് ഇദ്ദേഹം ഇമെയിൽ വഴി പരാതി നൽകിയതോടെയാണ് ദില്ലി പൊലീസ് കേസെടുത്തത് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 115 (മനഃപൂർവം പരിക്കേൽപ്പിക്കുക), 126 (നിയമവിരുദ്ധമായി തടഞ്ഞുവെക്കുക), 351 (ക്രിമിനൽ ഭീഷണി) കുറ്റങ്ങളാണ് കേസിൽ ചുമത്തിരിയിരിക്കുന്നത്. സംഭവം വിവാദമായതോടെ എയർ ഇന്ത്യ എക്സ്പ്രസ് പ്രതിയായ പൈലറ്റിനെ സർവീസിൽ നിന്നും ഉടൻ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. സിവിൽ ഏവിയേഷൻ മന്ത്രാലയം സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് ദില്ലി പോലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam