
ദില്ലി: എയർ ഇന്ത്യ വിമാനത്തിൽ പുക മുന്നറിയിപ്പ് വന്നതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ദില്ലിയിൽ നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പോയ വിമാനത്തിലാണ് പുക മുന്നറിയിപ്പ് ലഭിച്ചത്. എഐ 2939 നമ്പർ ദില്ലി - അഹമ്മദാബാദ് എയർ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം. ദില്ലി വിമാനത്താവളത്തിലെ മൂന്നാം നമ്പർ ടെർമിനലിൽ നിന്ന് പറന്നുയർന്ന വിമാനത്തിൽ കാർഗോ ഭാഗത്ത് പുക മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കിയെന്നാണ് പുറത്തുവരുന്ന വിവരം. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. രാത്രി 10.20 ഓടെ വിമാനം ദില്ലിയിൽ തിരിച്ചിറക്കിയെന്നാണ് റിപ്പോർട്ട്. അതേസമയം സംഭവത്തിൽ എയർ ഇന്ത്യയുടെ ഭാഗത്ത് നിന്ന് അറിയിപ്പുകളോ വിശദീകരണമോ വന്നിട്ടില്ല.