
ദില്ലി: ബോർഡിംഗ് ക്യൂ തെറ്റിച്ചത് ചോദ്യം ചെയ്തതിന് യാത്രക്കാരനെ എയർ ഇന്ത്യ പൈലറ്റ് ക്രൂരമായി മർദിച്ചു. ദില്ലി വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിലാണ് സംഭവം. യാത്രക്കാരനായ അങ്കിത് ദിവാനെ എയർ ഇന്ത്യ പൈലറ്റ് വിജേന്ദർ സെജ്‌വാളാണ് മർദിച്ചത്. ഇടിയേറ്റ് ചോര ചീന്തിയ മുഖമടക്കം തൻ്റെ ചിത്രം സമൂഹമാധ്യമമായ എക്‌സിൽ അങ്കിത് ധവാൻ പോസ്റ്റ് ചെയ്തതിന് പിന്നാലെ പൈലറ്റിനെ ഔദ്യോഗിക ചുമതലകളിൽ നിന്ന് മാറ്റിനിർത്തിയതായി എയർ ഇന്ത്യ അറിയിച്ചു. മർദ്ദനം നേരിൽകണ്ട അങ്കിതിൻ്റെ ഏഴ് വയസുകാരിയായ മകൾ കടുത്ത മനോവിഷമത്തിലാണ്.
നാലുമാസം പ്രായമുള്ള മകളുമായാണ് അങ്കിത് യാത്രക്കെത്തിയത്. സുരക്ഷാ ചെക് ഇന്നിൽ വച്ച് ഇദ്ദേഹത്തോട് ജീവനക്കാർ ഉപയോഗിക്കുന്ന സുരക്ഷാ ചെക്ക്-ഇൻ ലൈൻ ഉപയോഗിക്കാൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. ഇതനുസരിച്ച് ഈ ക്യൂവിലേക്ക് ഇവർ മാറിനിന്നു. ഈ സമയത്താണ് വിമാന ജീവനക്കാരുടെ സംഘം ഇവിടേക്ക് എത്തിയത്. ഇവർ ക്യൂ പാലിക്കാതെ മുന്നിൽ കയറിയത് അങ്കിത് ചോദ്യം ചെയ്തു. ഈ സമയത്താണ് ക്യാപ്റ്റൻ വിജേന്ദർ ഇവിടേക്ക് എത്തിയത്.
ഇദ്ദേഹം ക്യൂ പാലിച്ചില്ലെന്ന് മാത്രമല്ല, അങ്കിതിനെ അധിക്ഷേപിച്ചുകൊണ്ട് മക്കളുടെ കൺമുന്നിൽ വച്ച് അതിക്രൂരമായി മർദിക്കുകയായിരുന്നു. വിദ്യാഭ്യാസം ഇല്ലേയെന്ന് ചോദിച്ചും ഈ ക്യൂ ജീവനക്കാർക്കുള്ളതാണെന്നും പറഞ്ഞായിരുന്നു മർദനം. അതേസമയം ഈ വിഷയത്തിൽ പരാതിയുമായി മുന്നോട്ട് പോകില്ലെന്ന് തന്നെക്കൊണ്ട് നിർബന്ധിച്ച് എഴുതിവാങ്ങിയെന്നും അങ്കിത് ധവാൻ ആരോപിക്കുന്നുണ്ട്. സംഭവം വിശദമായി അന്വേഷിക്കുമെന്നും അതിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നുമാണ് എയർ ഇന്ത്യയുടെ വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam