മണിക്കൂറുകൾക്കിടയിൽ കൊല്ലപ്പെട്ടത് സിപിഐ സംസ്ഥാന കൗൺസിൽ അംഗവും കോൺഗ്രസ് ദളിത് നേതാവും; നടുങ്ങി ഹൈദരാബാദ്, അന്വേഷണം തുടരുന്നു

Published : Jul 15, 2025, 11:35 PM ISTUpdated : Jul 16, 2025, 08:49 AM IST
murder

Synopsis

ഹൈദരാബാദിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗവും കോൺഗ്രസ് ദളിത് നേതാവും മണിക്കൂറുകൾക്കിടയിൽ കൊല്ലപ്പെട്ടു. സി പി ഐ നേതാവ് ചന്തു റാത്തോഡിനെ വെടിവച്ചുകൊന്നപ്പോൾ കോൺഗ്രസ് നേതാവ് മാരെപ്പള്ളി അനിലിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹൈദരാബാദ്: ഹൈദരാബാദിനെ നടുക്കി മണിക്കൂറുകൾക്കിടയിൽ രണ്ട് രാഷ്ട്രീയനേതാക്കളുടെ കൊലപാതകം. രാവിലെ നടക്കാനിറങ്ങിയ സി പി ഐ സംസ്ഥാനകൗൺസിൽ അംഗം ചന്തു റാത്തോഡിനെ അജ്ഞാതർ വെടിവച്ച് കൊന്നു. മേദക് ജില്ലയിൽ കോൺഗ്രസിന്‍റെ ദളിത് നേതാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോൺഗ്രസ് എസ്‍ സി സെൽ അംഗമായ മാരെപ്പള്ളി അനിലാണ് മരിച്ചത്. ഇത് കൊലപാതകമാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.

വിശദ വിവരങ്ങൾ

ഹൈദരാബാദിലെ മാലക് പേട്ട് സലിവാഹന നഗർ പാർക്കിൽ പതിവ് പോലെ രാവിലെ ഏഴരയ്ക്ക് നടക്കാനിറങ്ങിയതായിരുന്നു ചന്തു നായിക് എന്ന ചന്തു റാത്തോഡ്. സി പി ഐ സംസ്ഥാന കൗൺസിൽ അംഗമായ ചന്തു പാർട്ടിയുടെ ഹൈദരാബാദ് സിറ്റി കമ്മിറ്റിയിലെ പ്രധാനനേതാവുമാണ്. പെട്ടെന്നാണ് സ്വിഫ്റ്റ് കാറിലെത്തിയ മൂന്നംഗ അക്രമിസംഘം ചന്തുവിനടുത്തേക്ക് ഓടിയെത്തിയത്. മുഖത്തേക്ക് മുളക് പൊടിയെറിഞ്ഞ ശേഷം മൂന്ന് പേരും നിരവധി തവണ ചന്തുവിന് നേരെ വെടിയുതിർത്തു. മാരകമായി വെടിയേറ്റ ചന്തു സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. നാഗർകുർനൂൽ അച്ചംപേട്ട് സ്വദേശിയായ ചന്തു നായിക് തെലങ്കാനയിലെ സി പി ഐ നേതൃത്വത്തിലെ പ്രധാന നേതാക്കളിൽ ഒരാളാണ്. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടങ്ങിയ പൊലിസ് ഈ കാർ എങ്ങോട്ടാണ് പോയതെന്നതിൽ വിശദമായ അന്വേഷണം നടത്തുകയാണ്. കാർ ഓടിച്ചിരുന്നയാളടക്കം അക്രമിസംഘത്തിൽ നാല് പേരുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. സി പി ഐ എം എൽ പ്രവർത്തകനായ രാജേഷ് എന്നയാളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നെന്ന് ചന്തു റാത്തോഡിന്‍റെ കുടുംബം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് തെലങ്കാനയിലെ മേദക്കിൽ കോൺഗ്രസ് ദളിത് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത വരുന്നത്. മേദക് ജില്ലയിലെ കുൽച്ചരം മണ്ഡലിൽ ഇന്ന് രാവിലെയാണ് അനിലിനെ മരിച്ച നിലയിൽ കണ്ടത്. കോൺഗ്രസ് എസ്‍ സി സെൽ നേതാവായിരുന്നു. കാറിൽ ഹൈദരാബാദിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു അനിൽ. മൃതദേഹത്തിന് സമീപത്ത് നിന്ന് വെടിയുണ്ടകൾ കണ്ടെടുത്തു. അനിലിന്‍റ തോളിലും നെഞ്ചിലും പരിക്കേറ്റ പാടുകളുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. ഒരേ ദിവസം രണ്ട് രാഷ്ട്രീയനേതാക്കളുടെ ദുരൂഹമരണം സംസ്ഥാനത്തെത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഇവ തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഒന്നും ഇത് വരെ ലഭിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്തെ ക്രമസമാധാനവ്യവസ്ഥ കുത്തഴിഞ്ഞു എന്നതിന്‍റെ തെളിവാണിതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും, ലോക്സഭയിൽ ഇന്ന് ചര്‍ച്ച