
ഗുവാഹത്തി: അസാമില്‍ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടി. ഗുവാഹത്തിയിലാണ് സംഭവം. മദ്യപിച്ചെത്തിയ ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ജൂണ്‍ 26 നായിരുന്നു കൊല നടത്തിയത്. തുടര്‍ന്ന് ഇന്നലെ പൊലീസ് സ്റ്റേഷനിലെത്തിയ യുവതി പൊലീസിനോട് കൊലപാതക വിവരം തുറന്നുപറയുകയായിരുന്നു.
കൊലപാതകം നടന്നത് തര്‍ക്കത്തെ തുടര്‍ന്നാണെന്നും ഭര്‍ത്താവ് ഈ സമയം മദ്യലഹരിയില്‍ ആയിരുന്നെന്നും സ്ത്രീ പറയുന്നു. കൊലനടത്തിയതിന് ശേഷം വീട്ടുപറമ്പില്‍ അഞ്ചടി ആഴത്തില്‍ കുഴിയെടുത്ത് മൃതശരീരം കുഴിച്ചുമൂടുകയായിരുന്നു. ഭര്‍ത്താവിന്‍റെ സഹോദരന്‍ പൊലീസില്‍ മിസ്സിങ് കേസ് ഫയല്‍ ചയ്തതിനെ തുടര്‍ന്നാണ് യുവതി പൊലീസിലെത്തി സംഭവം തുറന്നുപറഞ്ഞത്. ഭര്‍ത്താവ് കേരളത്തില്‍ ജോലിക്കുവേണ്ടി പോയെന്നാണ് ബന്ധുക്കളോടും അയല്‍ക്കാരോടും യുവതി ആദ്യം പറഞ്ഞിരുന്നത്. കൊലപാതകം യുവതി ഒറ്റയ്ക്കാണോ നടത്തിയത് എന്ന കാര്യത്തില്‍ സംശയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. അഞ്ചടി ആഴത്തിലുള്ള കുഴി യുവതിക്ക് ഒറ്റയ്ക്ക് എടുക്കാൻ കഴിയുമോ എന്ന സംശയവും പൊലീസ് ഉന്നയിക്കുന്നു.