
ദില്ലി: അജിത് പവാറിന്‍റെ മരണത്തിന് കാരണമായ അപകടത്തിന് ചിലർ രാഷ്ട്രീയം നൽകാൻ ശ്രമിക്കുന്നുവെന്ന് ശരത് പവാർ. പക്ഷേ ഇത് അപകടമാണെന്നും ഇതിൽ രാഷ്ട്രീയമില്ല, ഇതിൽ രാഷ്ട്രീയം കലർത്താൻ ശ്രമിക്കരുതെന്നും ശരത് പവാർ ആവശ്യപ്പെട്ടു. അപകടത്തിൽ ദുരൂഹതയുണ്ടെന്ന് മമത ബാനർജി ഉൾപ്പെടെ പ്രതിപക്ഷത്തുള്ള നേതാക്കൾ ആരോപിച്ചിരുന്നു.
എന്നാല്‍, ബാരാമതിയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ ഉന്നതതല അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും, സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. കാഴ്ചാപരിധി കുറഞ്ഞിട്ടും ലാൻഡിംഗിന് അനുമതി നൽകിയത് എന്തിനെന്ന് കോൺഗ്രസ് ചോദിച്ചു.
കാഴ്ചാപരിധി കുറഞ്ഞിട്ടും അജിത് പവാറും സംഘവും സഞ്ചരിച്ച വിമാനം ലാൻഡ് ചെയ്യാൻ അനുമതി നൽകിയതും, ലിയാഡ്ജെറ്റ് 45 മോഡൽ വിമാനം നേരത്തെ അപകടത്തിൽപെട്ടത് ചൂണ്ടിക്കാട്ടിയുമാണ് പ്രതിപക്ഷം ചോദ്യങ്ങൾ ഉയർത്തുന്നത്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് അപകടത്തിൽ ദുരൂഹത ആരോപിച്ച് ആദ്യം പരസ്യമായി രംഗത്തെത്തിയത്. അജിത് പവാർ എൻഡിഎ വിടുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെന്നും, പിന്നാലെയാണ് ദുരന്ത വാർത്ത എത്തുന്നതെന്നും മമത ബാനർജി സംശയം പ്രകടിപ്പിച്ചു. വിമാനത്തിന്‍റെ അറ്റകുറ്റ പണിയും, ക്ലിയറൻസ് നൽകിയതും ആരുടെ ചുമതലയാണെന്നതടക്കം ഡിജിസിഎ അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അഞ്ച് കിലോമീറ്ററെങ്കിലും കാഴ്ചാപരിധിയില്ലെങ്കിൽ ലാൻഡിംഗിന് അനുമതി നൽകാറില്ല, ഇതടക്കം ഡിജിസിഎ കൃത്യമായി അന്വേഷിക്കണം എന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam