
ലഖ്‌നൗ: ജയ് പ്രകാശ് നാരായണ്‍ ഇന്റര്‍നാഷണല്‍ സെന്ററിലേക്ക് പൊലീസ് പ്രവേശനം നിഷേധിച്ചതോടെ മതില്‍ ചാടി കടന്ന് അകത്ത് പ്രവേശിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സോഷ്യലിസ്റ്റ് നേതാവ് ജയ് പ്രകാശ് നാരായണിന്റെ ജന്മദിനത്തില്‍ പുഷ്പചക്രമര്‍പ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു അഖിലേഷ് യാദവിനെ പൊലീസ് തടഞ്ഞത്. സുരക്ഷ പ്രശ്‌നങ്ങളുണ്ടെന്ന കാരണം പറഞ്ഞാണ് തന്നെ തടഞ്ഞതെന്ന് അഖിലേഷ് പറഞ്ഞു. സെന്ററിലേക്ക് പൊലീസ് പ്രവേശനം നിഷേധിച്ചത് കൊണ്ടാണ് താന്‍ മതില്‍ ചാടി കടക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.
മതില്‍ ചാടി കടന്ന അഖിലേഷ് ജെപിയുടെ പ്രതിമയില്‍ ആദരമര്‍പ്പിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ക്കൊപ്പം മടങ്ങിയത്. പ്രവര്‍ത്തകരെയും പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ജയ് പ്രകാശ് നാരായണിന്റെ ഓര്‍മ പുതുക്കുന്നത് പോലും ബിജെപിയെ ഭയപ്പെടുത്തുന്നുവെന്നും അഖിലേഷ് പ്രതികരിച്ചു. അഴിമതിയും തൊഴിലില്ലായ്മയും നാണ്യപ്പെരുപ്പവും ബിജെപി ഭരണത്തിന്റെ കീഴില്‍ വര്‍ധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഖിലേഷിനെ തടയുന്നതിന്റെയും മതില്‍ ചാടി കടന്ന് പുഷ്പചക്രമര്‍പ്പിക്കുന്നതിന്റെയും വീഡിയോ സമാജ്‌വാദി പാര്‍ട്ടി ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ പുറത്തുവിട്ടു.
വീഡിയോ വൈറലായതോടെ അഖിലേഷ് യാദവിനെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. ചാട്ടത്തില്‍ അഖിലേഷ് മിടുക്കനാണ്. അടുത്തിടെ സമാപിച്ച ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തിരുന്നെങ്കില്‍ രാജ്യത്തിന് വേണ്ടി മെഡല്‍ സ്വന്തമാക്കാമായിരുന്നെന്ന് ബിജെപി പരിഹസിച്ചു. 2016 ഒക്ടോബറില്‍ മുഖ്യമന്ത്രി പദവിയില്‍ ഇരിക്കവെ അഖിലേഷ് തന്നെയാണ് ജെപി സെന്റര്‍ ഉദ്ഘാടനം ചെയ്തത്. അതേ മന്ദിരത്തിലേക്കാണ് അഖിലേഷിന് അനുമതി നിഷേധിച്ചത്. ഇതാണ് പ്രവര്‍ത്തകരെ അടക്കം പ്രകോപിപ്പിച്ചത്.
നിയമനക്കോഴ കേസ്; ബാസിത്തിനെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു, അഖില്‍ സജീവ് റിമാന്‍ഡില്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam