
കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട പരാജയത്തിനിടെ, പാർട്ടി അധ്യക്ഷ മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. കൊൽക്കത്തയിലെ മമതയുടെ വസതിയിൽവെച്ചാണ് കൂടിക്കാഴ്ച നടന്നത്. തെരഞ്ഞെടുപ്പിൽ തോറ്റിട്ടില്ലെന്നും വളരെ പ്രശംസനീയമായ പോരാട്ടമാണ് നടത്തിയതെന്നും അഖിലേഷ് മമതയോട് പറഞ്ഞു. മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
"ദീദി, നിങ്ങൾ തോറ്റിട്ടില്ല. എത്ര പ്രശംസനീയമായ പോരാട്ടമാണ് നിങ്ങളെല്ലാവരും നടത്തിയത്"- അഖിലേഷ് യാദവ് മമത ബാനർജിയോട് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. തെരഞ്ഞെടുപ്പിന് ശേഷമുള്ള ബംഗാളിലെ സാഹചര്യവും ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിനുള്ള പിന്തുണ സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്തുമെന്ന് മമത ബാനർജി പറഞ്ഞിരുന്നു.
അതേസമയം തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കാൻ മമത ബാനർജി തയ്യാറായിട്ടില്ല. മുഖ്യമന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന നിലപാടെടുത്ത മമത ബാനർജി, തന്നെ പുറത്താക്കട്ടെയെന്നാണ് വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം നടക്കുന്ന അക്രമ സംഭവങ്ങളിൽ കോടതിയെ സമീപിക്കുമെന്നും മമത കഴിഞ്ഞ ദിവസം എംഎൽഎമാരുടെ യോഗത്തിൽ അറിയിച്ചിരുന്നു.
അതിനിടെ, ബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റൻ്റിനെ വെടിവെച്ച് കൊലപ്പെടുത്തിയത് വലിയ ചർച്ചയാകുകയാണ്. ചന്ദ്രനാഥ് റാഥ് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയിലാണ് ഇരുചക്ര വാഹനങ്ങളിൽ എത്തിയ അക്രമി സംഘം ചന്ദ്രനാഥ് സഞ്ചരിച്ച വാഹനം തടഞ്ഞ് വെടിയുതിർത്തത്. സംഭവം ആസൂത്രിത ആക്രമണമാണെന്ന് സുവേന്ദു അധികാരി പ്രതികരിച്ചിട്ടുണ്ട്. തൻ്റെ അനുയായി ആയതുകൊണ്ടും ഭവാനിപുരിൽ മമത ബാനർജിയെ തോൽപ്പിച്ചതുകൊണ്ടുമാണ് ചന്ദ്രനാഥ് കൊല്ലപ്പെട്ടതെന്നും സുവേന്ദു അധികാരി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam