തമിഴ്നാട്ടിൽ തമിഴ് തായ് വാഴ്ത്ത് ചൊല്ലുന്നത് നിർബന്ധമാക്കി പ്രമേയം പാസാക്കി നിയമസഭ. സർക്കാർ പരിപാടികളിൽ തമിഴ് തായ് വാഴ്ത്ത് ആദ്യം ചൊല്ലണമെന്നാണ് പ്രമേയം. മുഖ്യമന്ത്രി വിജയ് അവതരിപ്പിച്ച പ്രമേയത്തെ ഡിഎംകെ, അണ്ണാ ഡിഎംകെ, കോൺഗ്രസ് എന്നീ പാർട്ടികൾ പിന്തുണച്ചു.

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ പരിപാടികൾക്ക് മുമ്പ് സംസ്ഥാന ഗാനമായ 'തമിഴ് തായ് വാഴ്ത്ത്' ആലപിക്കുന്നത് നിർബന്ധമാക്കുന്ന പ്രമേയം നിയമസഭയിൽ പാസാക്കി. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആണ് പ്രമേയം അവതരിപ്പിച്ചത്. സർക്കാർ പരിപാടികളിൽ ആദ്യം തമിഴ് തായ് വാഴ്ത്ത് നിർബന്ധമാക്കുന്ന പ്രമേയത്തെ ഡിഎംകെ, അണ്ണാ ഡിഎംകെ, കോൺഗ്രസ് എന്നീ പാർട്ടികൾ പിന്തുണച്ചു. തമിഴ് വെറുമൊരു ഭാഷ മാത്രമല്ലെന്നും നമ്മുടെ ജീവവായുവും വികാരവുമാണെന്നും വിജയ് പറഞ്ഞു.

"തമിഴ് എന്നാൽ അഭിമാനമാണ്, തമിഴ് എന്നാൽ ശക്തിയാണ്. 'തമിഴ്' എന്ന് പറയുമ്പോൾ തന്നെ തമിഴ്നാട് ഒന്നാകെ ഒരുമിച്ച് നിൽക്കും. തമിഴ്നാട്ടിൽ 'തമിഴ് തായ് വാഴ്ത്തി'ന് ഒന്നാം സ്ഥാനം നൽകണം. അത് നമ്മുടെ സംസ്ഥാനത്തിൻ്റെ അവകാശമാണ്"- മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ഗാനത്തിൻ്റെ അഭിമാനം സംരക്ഷിക്കുന്ന കാര്യത്തിൽ തൻ്റെ പാർട്ടിയായ ടിവികെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും വിജയ് വ്യക്തമാക്കി. 'തമിഴ് തായ് വാഴ്ത്ത്' ആദ്യം ആലപിക്കണമെന്നത് ഒരു രാഷ്ട്രീയ ചർച്ചയാകേണ്ട കാര്യമില്ല. പാർട്ടി വ്യത്യാസങ്ങൾ മാറ്റിവെച്ച് എല്ലാ അംഗങ്ങളും ഈ പ്രമേയത്തിന് പിന്തുണ നൽകണമെന്ന് വിജയ് ആവശ്യപ്പെട്ടു.

തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും പൊതു സ്ഥാപനങ്ങളിലും നടക്കുന്ന പരിപാടികൾക്ക് മുമ്പ് ആദ്യം തമിഴ് തായ് വാഴ്ത്ത് ആലപിക്കണമെന്നാണ് പ്രമേയത്തിൽ പറയുന്നത്. പ്രമേയം പാസായതായും ഇത് നടപ്പാക്കുന്നതിന് മറ്റ് അനുമതി ആവശ്യമില്ലെന്നും സ്പീക്കർ ജെസിഡി പ്രഭാകർ പറഞ്ഞു. സർക്കാർ പരിപാടികളിൽ ദേശീയഗാനത്തിന് മുമ്പ് ദേശീയഗീതമായ വന്ദേമാതരം ചൊല്ലണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദേശത്തിനിടെ ആണ് തമിഴ്നാട്ടിൽ തമിഴ് തായ് വാഴ്ത്ത് നിർബന്ധമാക്കാനുള്ള പ്രമേയം പാസാക്കിയത്. മെയ് മാസം തമിഴ്നാട്ടിൽ യൂണിവേഴ്സിറ്റിയിൽ നടന്ന പരിപാടിയിൽ തമിഴ് തായ് വാഴ്ത്ത് മൂന്നാമത് ചൊല്ലിയത് വിവാദമായിരുന്നു.