നിര്‍ഭയ കൂട്ട ബലാൽസംഗം; പ്രതി അക്ഷയ് ഠാക്കൂർ സുപ്രീംകോടതിയിൽ പുന:പരിശോധന ഹർജി നൽകും

By Web TeamFirst Published Dec 9, 2019, 4:01 PM IST
Highlights

വധശിക്ഷ ശരിവച്ച വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുക. കേസിലെ പ്രതികളായ മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരുടെ പുന: പരിശോധന ഹര്‍ജി നേരത്തെ തള്ളിയിരുന്നു.
 

ദില്ലി: നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ സുപ്രീം കോടതിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കും. വധശിക്ഷ ശരിവച്ച വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുക. കേസിലെ പ്രതികളായ മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരുടെ പുന: പരിശോധന ഹര്‍ജി നേരത്തെ തള്ളിയിരുന്നു.

അതേസമയം, നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കുമെന്ന് സൂചനകളുയരുന്നുണ്ട്. ബിഹാറിലെ ബുക്സാര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ തൂക്കുകയറുകള്‍ നിര്‍മ്മിക്കാന്‍ കൂടുതല്‍ സമയം ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേസിലെ പ്രതികളിലൊരാളായ വിനയ് ശര്‍മ്മ തന്‍റെ ദയാഹര്‍ജി പിന്‍വലിച്ചതോടെയാണ് തൂക്കുകയറുകള്‍ നിര്‍മ്മിക്കാനുള്ള നടപടി ആരംഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പത്തു തൂക്കുകയറുകള്‍ നിര്‍മ്മിക്കാനാണ് ബുക്സാര്‍ ജയിലിന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നതെന്നാണ് സൂചന.

Read Also: നിർഭയ കേസ് പ്രതികൾ വധശിക്ഷയിലേക്ക്? തൂക്കു കയറുകൾ തയ്യാറാക്കാൻ നിർദേശം

2012 ഡിസംബറിലാണ് വിനയ് ശർമയടക്കമുള്ള ഒരു സംഘം 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ദില്ലി നഗരത്തിലെ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും അതിക്രൂരമായ രീതിയിൽ ആക്രമിച്ച് മൃതപ്രായയാക്കുകയും ചെയ്തത്. തുടര്‍ന്ന് യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും വഴിയിൽ തള്ളുകയും ചെയ്തു. പിന്നീട് ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നിർഭയയെ സിംഗപ്പൂരിൽ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ അവള്‍ മരണത്തിന് കീഴടങ്ങി.

Read Also: നിര്‍ഭയ: വധശിക്ഷ കാത്ത് പ്രതികള്‍; തിഹാര്‍ ജയിലില്‍ ആരാച്ചാരില്ല, പുറത്ത് നിന്ന് ആളെ എത്തിക്കും

click me!