ദില്ലി: നിര്‍ഭയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളുടെ ദയാഹര്‍ജി സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ എതിര്‍ത്ത സാഹചര്യത്തില്‍ ശിക്ഷ നടപ്പാക്കാന്‍ തയ്യാറെടുത്ത് തിഹാര്‍ ജയില്‍. അതേസമയം, ശിക്ഷ നടപ്പാക്കുന്നതിനായി ആരാച്ചാരെ കിട്ടാനില്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആരാച്ചാരെ എത്തിക്കാന്‍ ശ്രമിക്കുകയാണെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. തിഹാര്‍ ജയിലില്‍ ആരാച്ചാരില്ല. ശിക്ഷ നടപ്പാക്കുന്നതിനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളെ എത്തിക്കാന്‍ ശ്രമിക്കുമെന്നും പേരു വെളിപ്പെടുത്താത്ത ജയില്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കാന്‍ തിഹാല്‍ ജയിലില്‍ താല്‍ക്കാലിക ആരാച്ചാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റ് രവികുമാര്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്തെഴുതി. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ എത്രയും വേഗത്തില്‍ നടപ്പാക്കാന്‍ ആരാച്ചാരെ നിയമിക്കണം. അങ്ങനെയെങ്കിലും പെണ്‍കുട്ടിയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്ന് രവികുമാര്‍ കത്തിലൂടെ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.

നിര്‍ഭയ കേസിലെ നാല് പ്രതികളാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. ഡിസംബര്‍ 16ന് രാത്രിയിലാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുന്നത്. കേസിലെ ആറു പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു. ശേഷിക്കുന്ന അഞ്ച് പ്രതികളില്‍ രാം സിംഗ് ജയിലില്‍ തൂങ്ങിമരിച്ചു. മറ്റ് പ്രതികളാണ് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്. 

പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകില്ലെന്നാണ് സൂചന. ഹൈദരാബാദ്, ഉന്നാവ് കേസുകളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ജുഡീഷ്യല്‍ സംവിധാനത്തെക്കുറിച്ച് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. വധശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടു പോകുന്ന നടപടിക്കെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു.