ഇന്ത്യ ഇരുട്ടിലേക്കോ? കൽക്കരി ക്ഷാമം ജനത്തിന് ബാധ്യത: കേന്ദ്രസർക്കാരിൽ പ്രതീക്ഷയോടെ കമ്പനികൾ

By Web TeamFirst Published Oct 7, 2021, 7:33 PM IST
Highlights

ലോകത്ത് ഏറ്റവും കൂടുതൽ കൽക്കരി ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. എന്നാൽ ലോകത്ത് തന്നെ കൽക്കരി നിക്ഷേപമുള്ള നാലാമത്തെ രാജ്യവും ഇന്ത്യയാണ്

ദില്ലി: മുൻപെങ്ങുമില്ലാത്ത ഒരു വലിയ വൈദ്യുതി പ്രതിസന്ധിയുടെ വക്കിലാണ് രാജ്യം. രാജ്യത്തെ 135 താപ വൈദ്യുത നിലയങ്ങളിൽ പാതിയും കൽക്കരിയുടെ കടുത്ത ക്ഷാമം നേരിടുകയാണ്. രാജ്യത്തെ 70 ശതമാനം വൈദ്യുതി ഉൽപ്പാദനവും കൽക്കരിയെ അധിഷ്ടിതമായാണ് മുന്നോട്ട് പോകുന്നതെന്നതിനാൽ ഇപ്പോഴത്തെ പ്രതിസന്ധി രാജ്യത്തിന് വരുംനാളുകളിൽ വലിയ തിരിച്ചടിയാവും ഉണ്ടാക്കുക. കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വൈദ്യുതിയെ ആശ്രയിക്കുന്ന കേരളത്തിലും വൈദ്യുതി ക്ഷാമം നേരിടാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്.

കൊവിഡിന്റെ രണ്ടാം വ്യാപനത്തിൽ നിന്ന് രാജ്യം തിരിച്ചുവന്നതിന് പിന്നാലെ ഇന്ത്യയിൽ ഊർജ്ജ ഉപഭോഗം വൻതോതിൽ വർധിച്ചിരുന്നു. കഴിഞ്ഞ രണ്ട് മാസം ഊർജ്ജ ഉപഭോഗം 17 ശതമാനം വർധിച്ചു. അതും 2019 ലെ കണക്കുകളെ അപേക്ഷിച്ചാണെന്നത് പ്രത്യേകം ഓർക്കുക. എന്നാൽ ഇതേ സമയത്ത് ആഗോള തലത്തിൽ കൽക്കരി വില 40 ശതമാനം വർധിച്ചു. ഇതോടെ ഇന്ത്യയിലേക്കുള്ള കൽക്കരി ഇറക്കുമതി കുത്തനെ ഇടിയുകയും ചെയ്തു.

ലോകത്ത് ഏറ്റവും കൂടുതൽ കൽക്കരി ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. എന്നാൽ ലോകത്ത് തന്നെ കൽക്കരി നിക്ഷേപമുള്ള നാലാമത്തെ രാജ്യവും ഇന്ത്യയാണ്. രാജ്യത്തെ വൈദ്യുത പ്ലാന്റുകളെല്ലാം കൽക്കരി ഇറക്കുമതിയെയാണ് ഇത്രയും നാൾ ആശ്രയിച്ചത്.  എന്നാൽ വില ഉയർന്നതോടെ പ്ലാന്റുകൾ ഇന്ത്യയിലെ കൽക്കരിയെ ആശ്രയിക്കാൻ തുടങ്ങി. ഇതോടെ ക്ഷാമവും നേരിട്ടു.

കൂടുതൽ കൽക്കരി ഇറക്കുമതി ചെയ്ത് പ്രശ്നം പരിഹരിക്കാൻ ഇപ്പോൾ സാധിക്കില്ല. അതിന് കാരണം ഇപ്പോഴത്തെ വില വർധന തന്നെ. ഇങ്ങിനെ ഇറക്കുമതി ചെയ്താൽ വൈദ്യുതിക്ക് ഉപഭോക്താക്കൾ വലിയ തുക നൽകേണ്ടി വരും. ഈ പ്രതിസന്ധി തുടർന്നാൽ ഉപഭോക്താക്കൾ വരുംമാസങ്ങളിൽ വലിയ തുകയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരും. 

ഇന്ധന വില വർധന തന്നെ റീടെയ്ൽ വിലക്കയറ്റത്തെ ഉയർത്തിനിർത്തിയിരിക്കുന്ന സാഹചര്യത്തിൽ കൽക്കരി ക്ഷാമം സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കും. അങ്ങിനെ വന്നാൽ കൊവിഡ് മഹാമാരിയെ മറികടക്കാനും ജിഡിപി വളർച്ച നേടാനുമുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കും അത് തിരിച്ചടിയാകും. ഈ സാഹചര്യത്തിൽ പ്രതിസന്ധിയെ മറികടക്കാൻ പോംവഴിയെന്താണെന്ന് ആലോചിക്കുകയാണ് കേന്ദ്രസർക്കാർ. സർക്കാരിന്റെ ഭാഗത്തുനിന്നും ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസർക്കാരും.

click me!