
ദില്ലി : ഗുജറാത്തിലെ നരോദ ഗാം കൂട്ടക്കൊലക്കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട് അഹമ്മദാബാദ് സ്പെഷ്യൽ കോടതി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ബിജെപി മുൻമന്ത്രി മായാകോട്നാനി അടക്കം 68 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയത്. ഗുജറാത്ത് കലാപകാലത്ത് നരോദ ഗാമിൽ 11 മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത കേസിലാണ് 13 വർഷം നീണ്ട വിചാരണക്കൊടുവിൽ വിധി പ്രസ്താവിച്ചത്. ആകെ 86 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ഇതിൽ 18 പേർ വിചാരണ കാലത്ത് മരിച്ചു. ശേഷിച്ച 68 പേരെയും ഇന്ന് കോടതി കുറ്റവിമുക്തരാക്കി.
2002 ഫെബ്രുവരി 28ന് ഗോദ്രയിൽ നടന്ന ട്രെയിൻ തീവപ്പിന് പിന്നാലെ തുടങ്ങിയ കലാപത്തിലെ പ്രധാന കേസുകളിലൊന്നിലാണ് എല്ലാ പ്രതികളെയും കോടതി വെറുതെ വിടുന്നത്. അഹമ്മദാബാദിലെ നരോദാ ഗാമിൽ 11 മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തതാണ് കേസ്. കലാപകാലത്തെ കേസുകൾക്കായി സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഈ കേസും അന്വേഷിച്ചത്. 2008 ൽ അന്വേഷണം ഏറ്റെടുത്ത പ്രത്യേക അന്വേഷണ സംഘം മായാ കോട്നാനി, ബജ്രംഗ് ദൾ നേതാവ് ബാബു ബജ്രംഗി, വി എച് പി നേതാവ് ജയദീപ് പട്ടേൽ അങ്ങനെ ആകെ 86 പേരെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചു. നീണ്ട 13 വർഷത്തെ വിചാരണയ്ക്കിടെ ഇതിൽ 18 പേർ മരിച്ചു. ശേഷിച്ച പ്രതികളെയാണ് ഇന്ന് വെറുതെ വിട്ടത്. ഇതുവരെ 6 ജഡ്ജിമാരാണ് ഇക്കാലയളവിൽ കേസിൽ വാദം കേട്ടത്.
പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണം, 5 ജവാന്മാർക്ക് വീരമൃത്യു; സ്ഥിരീകരിച്ച് സൈന്യം
കലാപം നടക്കുന്ന സ്ഥലത്ത് മായാ കോട്നാനി ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കാൻ അമിത് ഷാ 2017ൽ കോടതിയിലെത്തി സാക്ഷി പറഞ്ഞിരുന്നു. നേരത്തെ നരോദാ പാട്ടിയയിൽ 97 പേരെ കൂട്ടക്കൊല ചെയ്ത കേസിൽ മായാ കോട്നാനിയെ വിചാരണക്കോടതി ശിക്ഷിച്ചിരുന്നെങ്കിലും പിന്നീട് ഹൈക്കോടതി കുറ്റവിമുക്തയാക്കി. കലാപകാലത്തെ 9 കേസുകളാണ് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സംഘം അന്വേഷിച്ചത്. അതേസമയം കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് അന്വേഷിച്ച പല കേസുകളിലും സമീപകാലത്ത് തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെ വിട്ടിരുന്നു.