അസം 'സംരക്ഷിത മേഖല'; വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്

By Web TeamFirst Published Sep 4, 2019, 4:35 PM IST
Highlights

ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് രാജ്യാന്തര മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.അസം സംരക്ഷിത മേഖലായി പ്രഖ്യാപിച്ചതോടെ ഇവിടെ പ്രവേശിക്കണമെങ്കില്‍ വിദേശ മാധ്യമപ്രലര്‍ത്തകര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ ചില പ്രത്യേക അനുമതികള്‍ കൂടിയേ തീരൂ. 

ദില്ലി: അസമില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മാധ്യമപ്രവര്‍ത്തകരോട് സംസ്ഥാനത്ത് നിന്ന് മടങ്ങാന്‍ നിര്‍ദേശം. ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ അസമിനെ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചതോടെയാണ് നിര്‍ദേശം. വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസി(എപി)ന് വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകയെ പൊലീസ് അകമ്പടിയോടെ എയര്‍പോര്‍ട്ടിലെത്തിച്ച് ദില്ലിയിലേക്കുള്ള അടുത്ത വിമാനത്തില്‍ കയറ്റി വിട്ടിരുന്നു. ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് രാജ്യാന്തര മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അസം ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ആവശ്യമായ അനുമതി രേഖകളുമായി എത്താന്‍ മാധ്യമപ്രവര്‍ത്തകയോട് ആവശ്യപ്പെടുകയായിരുന്നെന്നാണ് അസം സര്‍ക്കാരിന്‍റെ അവകാശവാദം. വിദേശ മാധ്യമങ്ങള്‍ക്ക് ജമ്മു കശ്മീരിലും ചില വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിലും എത്തുന്നതിന് വിലക്കുണ്ട്. അസം സംരക്ഷിത മേഖലായി പ്രഖ്യാപിച്ചതോടെ ഇവിടെ പ്രവേശിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ചില പ്രത്യേക അനുമതികള്‍ കൂടിയേ തീരൂ. 

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി കൂടി വേണമെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ അന്തിമ അനുമതി ലഭിക്കുന്നവര്‍ക്ക് മാത്രമാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കുക. രാജ്യാന്തര തലത്തില്‍ തെറ്റായ വാര്‍ത്തകള്‍ എത്താതിരിക്കാനാണ് ഇത്തരത്തിലെ നീക്കമെന്നും വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിശദീകരണം. നിലവിലെ കണക്കുകള്‍ അനുസരിച്ച് 19 ലക്ഷത്തിലേറെ പേരാണ് ദേശീയ പൗരത്വ രജിസ്റ്ററിന് പുറത്തുള്ളത്. 

click me!